Dec 8, 2008

പകല്‍ നക്ഷത്രങ്ങള്‍ കണ്ടപ്പോള്‍..

ഒരല്പം ചരിത്രം:
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്ലാസ്സിലെ ഒന്നാമന്‍ മനോജും രണ്ടാമന്‍ ഞാനും ആയിരുന്നു. ഒരിക്കല്‍ മനോജ് ഒരു വലിയ അറിവ് ഞാനുമായി പങ്കുവെച്ചു.. അതായത്, പരസ്യങ്ങളില്‍ A എന്ന് എഴുതി ഒരു വട്ടമിട്ടു കാണുന്ന സിനിമകള്‍ കുട്ടികള്ക്ക് കാണാന്‍ കൊള്ളില്ല എന്ന അറിവാണ്‌ അവന്‍ എനിക്ക് പറഞ്ഞു തന്നത്. പിന്നെ ഒരിക്കല്‍ 'മനസാ വാചാ കര്‍മണാ' എന്ന സിനിമ കാണാന്‍ വേണ്ടി അച്ഛനും അമ്മയും പോകുമ്പോള്‍ ഞാന്‍ വരില്ലെന്ന് വാശി പിടിച്ചു.. അച്ഛന്‍ എന്നെ പിടിച്ചു വലിച്ചു കൂട്ടിക്കൊണ്ടുപോയി.. ഒരുപാടു സങ്കടപ്പെട്ടു, ഞാനന്ന്..
അന്നത്തെ വലിയ താരം ജയന്‍ ആയിരുന്നു.. അടവുകള്‍ പതിനെട്ട്, ശരപഞ്ജരം, കരിമ്പന, അങ്ങാടി, ഇങ്ങനെ ജയന്റെ സിനിമകള്‍ കണ്ടു കണ്ടു ഞാന്‍ അദേഹത്തിന്റെ ഒരു വലിയ ആരാധകന്‍ ആയി മാറിയിരുന്നു.. അങ്ങനെ ജയന്‍ മരിച്ചു.. അന്ന് ഒരുപാടു സങ്കടപ്പെട്ടു, എന്റെ കുഞ്ഞു മനസ്സ്. ജയന്‍ മരിച്ചിട്ടില്ല, എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് പത്രത്തില്‍ ഒരു കപട വാര്ത്ത വന്നപ്പോള്‍ എത്രയാണ് സന്തോഷിച്ചതെന്നോ.. സ്കൂളില്‍ വെച്ചു ഞങ്ങള്‍ കൂട്ടുകാര്‍ ഒരു തീരുമാനം എടുത്തു.. ഇനി ജയന്റെ സിനിമകള്‍ മാത്രമെ കാണുകയുള്ളൂ എന്നതായിരുന്നു, ആ തീരുമാനം.. പിന്നൊരിക്കല്‍ ജയന്‍ ഇല്ല്ലാത്ത 'അര്‍ച്ചന ടീച്ചര്‍' എന്ന സിനിമ കാണാന്‍ വിളിച്ചപ്പോള്‍ ഞാന്‍ പോയില്ല. അന്ന് അമ്മയാണ് ഏറെ തല്ലിയത്..
വടകരയില്‍ ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍ കൊല്ലത്തില്‍ മൂന്നു സിനിമ കാണാന്‍ അച്ഛന്‍ പണം തരും.. ഓരോ ടേം പരീക്ഷയുടെയും അവസാന ദിവസം സിനിമ കാണാം.. അതായിരുന്നു നിബന്ധന.. അങ്ങിനെയാണ് അനന്തരം, സ്വാതി തിരുനാള്‍, പഞ്ചാഗ്നി, ഒരിടത്ത് തുടങ്ങിയ സിനിമകള്‍ കണ്ടത്.. കൂട്ടുകാരായ സുധീറും സന്തോഷും ഒക്കെ ആ ടേസ്റ്റ് ഉള്ളവരായിരുന്നു.
പിന്നെ കോളേജില്‍ ചേര്‍ന്നപ്പോള്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനം ക്ഷയിച്ചു തുടങ്ങിയിരുന്നെങ്കിലും ഓര്‍ക്കാട്ടേരി ബോധി തുടങ്ങിയ സംഘടനകളും കോളേജ് യൂനിയനും നല്ല സിനിമകള്‍ എനിക്ക് തന്നുകൊണ്ടിരുന്നു.. എല്ലാ സിനിമകളും വാരിവലിച്ചു കണ്ടിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.
പിന്നെ ഒരിക്കല്‍ ചലച്ചിത്ര അക്കാദമിയും ശാസ്ത്ര സാഹിത്യ പരിഷത്തും സംഘടിപ്പിച്ച ഒരു ശില്പശാലയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞു . ആ ശില്പശാല എന്നിലെ ആസ്വാദകനെ ആകെ മാറ്റി തീര്ത്തു.. സിനിമയുടെ ലോകം എന്നത് എത്ര വിശാലവും ആഴമേറിയതും ആണെന്ന് എനിക്ക് ബോധ്യമായി.. bicycle thieves, battleship of potemkin, ചാപ്ലിന്‍ സിനിമകള്‍, rashamon തുടങ്ങി ഒരുപാടു സിനിമകള്‍ മൂന്നു ദിവസം കൊണ്ടു കണ്ടപ്പോള്‍, ഞാന്‍ ഇത്ര കാലവും കണ്ടിരുന്നത്‌ സിനിമ എന്ന് തെറ്റിദ്ധരിച്ച എന്തോ ആണെന്ന് മനസ്സിലായി.. സിനിമയുടെ ഭാഷ മനസ്സിലാവുക എന്നത് ഒരു ചലച്ചിത്രകാരനെ രൂപപ്പെടുത്തുന്നതില്‍ വഹിക്കുന്ന പങ്കു എത്ര വലുതാണെന്ന് അന്നാണ് മനസ്സിലായത്.
ആ ശില്പശാലയുടെ ഒടുവില്‍ രാത്രിയിലാണ് അവസാന സിനിമയായി children of heaven എന്ന ഇറാനിയന്‍ സിനിമ കണ്ടത്.. ശ്വാസം അടക്കിപ്പിടിച്ചു കണ്ടിരുന്നു, ആ സിനിമ.. ആ കുട്ടികളുടെ കൈയില്‍ നിന്നും പിഞ്ഞിയ ആ ഷൂ ഓടയില്‍ വീണപ്പോള്‍ ഞാന്‍ മാതമല്ല, എത്രയോ പേര്‍ 'അയ്യോ' എന്ന് പറഞ്ഞുപോയി.. ഒടുവില്‍ വിമലീകരിച്ച മനസ്സുമായാണ് ഞങ്ങള്‍ എഴുന്നേറ്റത്‌.. എന്തൊരു ചിത്രമാണത്! ഒരു സാധാരണ കഥ.. അത് പറഞ്ഞു പോയത് എങ്ങിനെയാണ്! വല്ലാത്തൊരു അല്‍ഭുതമായി തോന്നി ആ സിനിമ. ചലച്ചിത്രത്തിന്റെ ഭാഷ അതാണ്‌..
---------------------------------------
കുറെ ദിവസമായി, ഭാര്യ പറയുന്നു ഒരു സിനിമ കാണണം എന്ന്.. അങ്ങനെ പോയതാണ് 'പകല്‍ നക്ഷത്രങ്ങള്‍' എന്ന സിനിമ കാണാന്‍.. ഭാര്യയുടെ ചേച്ചിയും ഭര്‍ത്താവും ഇതേ സിനിമയ്ക്ക് പോകാന്‍ ഇരിക്കുകയായിരുന്നു. സിനിമ കണ്ടു ഇറങ്ങിയപ്പോള്‍ ഞാന്‍ ഉണ്ണിയേട്ടനെ വിളിച്ചു പറഞ്ഞു, ഈ സിനിമയ്ക്ക് വന്നാല്‍ ഞാന്‍ നിങ്ങളെ അടിയ്ക്കും എന്ന്..
ജുഗുപ്സാവഹമായ കഥ.. നരേഷന്റെ അതിപ്രസരം.. മലയാളം സിനിമയാണോ എന്ന് തോന്നുന്ന തരത്തില്‍ ഇംഗ്ലീഷ് സംഭാഷണങ്ങളുടെ അധിക സാന്നിധ്യം.. ഒട്ടും മിഴിവില്ലാത്ത കഥാപാത്രങ്ങള്‍ (അവരുടെ ഒക്കെ ജീവിതത്തിന്റെ ഫിലോസഫി എന്താണെന്ന് ഒട്ടും മനസ്സിലായില്ല). ഇടയ്ക്കും തെറ്റയ്ക്കും അടിച്ചുവിടുന്ന വലിയ വലിയ തത്വശാസ്ത്രങ്ങള്‍..
പലതും പറയാതെ പറയുമ്പോഴാണ് ഉള്ളില്‍ തറയ്ക്കുക എന്ന് തിരക്കഥ എഴുതിയ അനൂപ് മേനോന് ഇനിയും മനസ്സിലായില്ലെന്നോ.. പലതിനെയും മഹത്വവല്‍ക്കരിക്കുവാന്‍ സ്വീകരിക്കുന്ന ഗിമ്മിക്കുകള്‍..
ഇനിയും വയ്യ.. കുറ്റം പറയല്‍ വലിയ വിഷമമുള്ള ഒരു കാര്യമാണ്..
'ദൈവത്തിന്റെ വികൃതികള്‍' ഒന്നു കാണുക, മിസ്റ്റര്‍ അനൂപ് മേനോന്‍, ഒരു തിരക്കഥ factory made ആണെന്ന് തോന്നരുത്‌.. ഒരു തപസ്സു അതിന് പിന്നില്‍ ഉണ്ടെന്നു അനുവാചകന്‍ അറിയാതെ അറിയണം.. പരസ്യ വാചകങ്ങള്‍ ഇല്ലാതെ തന്നെ..
നായന്മാരെ അന്ധമായി എതിര്‍ക്കുന്ന ആ പോലീസുകാരന് നിങ്ങള്‍ 'തിലകന്‍' എന്ന് തന്നെ പേരു കൊടുത്തിരിക്കുന്നു.. എന്തൊരു മനോ വൈകൃതമാണിത്!
പക്ഷെ, ജനത്തെ സമ്മതിക്കണം.. അവര്‍ തിരിഞ്ഞു നോക്കുന്നില്ല.. കോഴിക്കോട് davison തിയടറില്‍ നാലിലൊന്ന് ആളില്ല, ഇതു കാണാന്‍..

Nov 20, 2008

ഒന്നു സഹായിക്കൂ..

ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ ഗൂഗിള്‍ മലയാളം അഗ്രിഗേറ്റര്‍ ബുക്ക് മാര്‍ക്ക് ചെയ്തു വെച്ചിരുന്നു. പക്ഷെ, ഇപ്പോള്‍ ആ URL ല്‍ ഗൂഗിള്‍ സേര്‍ച്ചിന്റെ ഇംഗ്ലീഷ് ബ്ലോഗ് സേര്‍ച്ച്‌ ചെയ്യാനുള്ള പേജ് ആണ് കിട്ടുന്നത്..
എന്ത് പറ്റിയോ ആവോ....
ഗൂഗിള്‍ മലയാളം ബ്ലോഗ് അഗ്ഗ്രെഗേറ്ററിന്റെ URL ഒന്നു പറഞ്ഞുതരാമോ? പ്ലീസ്..

Sep 18, 2008

നോട്ടം


ഞാന്‍ നടന്നു പോകുകയും
അവള്‍ നടന്നു വരികയുമായിരുന്നു
അകലെ വെച്ചു തന്നെ അവള്‍ എന്നെ കണ്ടുവെന്ന്
എനിക്കറിയാം
ആ കണ്‍നോട്ടം എന്നിലാണെന്ന് തിരിച്ചറിയാവുന്ന
ദൂരത്തെത്തിയപ്പോള്‍
അവളുടെ കൃഷ്ണമണികള്‍ മേലോട്ട് മറിഞ്ഞു
എനിക്കറിയാം, അവള്‍ മോഹാലസ്യപ്പെട്ടതല്ലെന്ന്
അവള്‍ മറ്റേതൊരു പെണ്ണിനേയും പോലെ
ആകാശത്തേക്ക് നോക്കിയതായിരുന്നു..
(നേരെ നോക്കുന്ന ഒരു പെണ്ണിനെ കണ്ടിട്ട് എത്ര നാളായി!)

അങ്ങനെ നോക്കുന്നത്
എന്നെ നോക്കാതിരിക്കാനാനെന്നും
അങ്ങനെ നോക്കുമ്പോള്‍
എന്നെ മാത്രമെ കാണുന്നുള്ളൂ എന്നും
ആകാശം അവള്‍ കാണുന്നില്ലെന്നും
എനിക്കറിയാം..
പൊടുന്നനെ, എനിക്കൊരാശ..
അവള്‍ കാണാത്ത ആകാശം
എനിക്ക് കാണണം..
ഞാന്‍ ആ വലിയ കണ്ണുകളിലേക്കു നോക്കി..

Aug 8, 2008

നീയും നിലാവും...

നല്ല തണുപ്പുള്ള, നിലാവുള്ള രാത്രി... കുളിയൊക്കെ കഴിഞ്ഞു വരാന്തയിലെ വിളക്കണച്ചു ഒറ്റയ്ക്കിരിക്കൂ.. ഈ ലോകത്ത് എല്ലാവരും ഉറങ്ങട്ടെ, നമുക്കു ഉറങ്ങാതിരിക്കാം.. കൂട്ടിനു ഈ പാട്ടും പിന്നെ ഒരല്പം മധുവും...

Aug 2, 2008

ബുഫേ

അതേയ്.. ഇവിടെ..
കുറച്ചുകൂടി ജീവിതം വിളമ്പിയെക്കൂ ..
എന്തൊരു വിശപ്പ്‌!
സ്വപ്നങ്ങളുടെ ആ കൂട്ടുകറി,
കണ്ണീര് കൊണ്ടൊരു ഓലനും..
അസ്സലായിട്ടുണ്ട്..
കയ്പതോരന്‍ ഒട്ടും മുഷിയില്ല..
(ആരാണാവോ വെപ്പ്?)
ഒക്കെ കുറച്ചുകൂടി ആയിക്കോട്ടെ ..

ഏയ്! ഇവിടെ!

നിങ്ങള്ക്ക് തെറ്റിയെന്നെ..
എത്രയേറിയാലും ദഹിച്ചോളും..
അതിനേ, ഇഞ്ചിക്കറിയസ്സലാ ..
പിന്നെ എന്തജീര്ണം?

ഏയ്!
ഈ വിളമ്പുകാരെന്തെടുക്കുവാ?

ഹ!
ഞാനെന്തൊരു മണ്ടന്‍!
ബുഫേയാണെന്നതു
ചത്തത്‌ പോലെ മറന്നുപോയി..
Jul 22, 2008

ദാമ്പത്യം..(ദേവന്‍ പറഞ്ഞ കഥ)

ആദ്യമേ അങ്ങ് പറഞ്ഞേക്കാം.. ഇതു എന്റെ കഥയല്ല.. ഇനി ആരുടെ കഥയാണെന്ന് ചോദിച്ചാല്‍ എനിക്കൊട്ട് അറിയുകയുമില്ല.. കഥ എം.വി.ദേവന്‍ പറഞ്ഞതാണ്. ഞാന്‍ കേട്ടോ എന്ന് ചോദിച്ചാല്‍, കേട്ടിട്ടില്ല..
അതായത്, ദേവന്‍ പറഞ്ഞതായി എന്റെ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞുതന്ന ഒരു കഥ..

കഥ ഇതാണ് :
വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും ഒരിടത്ത് ജീവിച്ചുവന്ന ദമ്പതിമാരില്‍ ഭാര്യയെ പാമ്പ് കടിച്ചു.. പാമ്പ്‌ എന്ന് വെച്ചാല്‍ കൊടിയ വിഷമുള്ള പാമ്പ്.. വൈദ്യന്റെ അടുക്കല്‍ കൊണ്ടുപോകാന്‍ പോലും സമയം കിട്ടിയില്ല, അവള്‍ മരിച്ചുപോയി.. ഭര്‍ത്താവ് ആര്‍ത്തലച്ചു കരഞ്ഞു.. കുഞ്ഞുങ്ങളെയും ബന്ധുക്കളെയും, പിന്നെ സുഹൃത്തുക്കളെയും കെട്ടിപ്പിടിച്ചു അവളുടെ അപദാനങ്ങള്‍ വാഴ്ത്തിക്കൊണ്ട് കരഞ്ഞുകൊണ്ടേയിരുന്നു...

ഒടുവില്‍ അവളുടെ മൃതദേഹം കര്‍മങ്ങള്‍ക്ക് ശേഷം ചുടുകാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കമായി. പ്രിയപ്പെട്ടവളുടെ ശവശരീരത്തിനെ ആ സ്നേഹനിധിയായ ഭര്‍ത്താവ് അനുഗമിച്ചു.. അങ്ങനെ പോകുന്ന വഴിയില്‍ വലിയൊരു ആല്‍മരം ഉണ്ടായിരുന്നു.. ഒരു മുതുക്കന്‍ ആല്‍മരം.. അതിന്റെ വേരുകള്‍ മണ്ണിനു പുറത്തേക്ക് തള്ളിനിന്നിരുന്നു.. മൃതദേഹം വഹിച്ചിരുന്ന ഒരാള്‍ ആ വേരുകളില്‍ തട്ടി താഴെ വീണു.. അവരുടെ കൈയില്‍നിന്ന് ആ മൃതദേഹം മണ്ണിലേക്ക് വീണു.. മണ്ണില്‍ കിടന്ന മൃതദേഹം വീണ്ടും എടുക്കാനുള്ള ശ്രമത്തിനിടയില്‍ ഒരാള്‍ അല്‍ഭുതത്തോടെ അത് കണ്ടു.. മൃതദേഹത്തിന്റെ കണ്ണ് അല്പം തുറന്നിട്ടുണ്ടോ? ചെറുതായി ശ്വസിക്കുന്നുണ്ടോ? സംശയം തീര്‍ക്കാന്‍ അയാള്‍ കൈ മൂക്കിനടുത്തു പിടിച്ചുനോക്കി.. ശരിയാണല്ലോ... ശ്വസിക്കുന്നുണ്ട്.. എല്ലാവര്ക്കും അല്‍ഭുതമായി.. ഉടനെ തന്നെ വൈദ്യന്റെ അടുക്കല്‍ കൊണ്ടുപോയി.. അല്‍ഭുതകരമായി അവള്‍ ജീവിതത്തിലേക്കും അങ്ങനെ ദാമ്പത്യതിലേക്കും തിരിച്ചുവന്നു...

അവള്‍ വീണ്ടും പത്തിരുപതുകൊല്ലം സന്തോഷത്തോടെ അയാള്‍ക്കൊപ്പം ജീവിച്ചു..

പിന്നെ അവള്‍ ശരിക്കും മരിച്ചു... തലച്ചോറില്‍ പനി വന്നു മൂര്ച്ചിചിട്ടാണ് മരിച്ചത്. ജീവിതം അയാളെ കുറേക്കൂടി പാകപ്പെടുതിയിരുന്നതിനാലും കുറച്ചുനാള്‍ സുഖമില്ലാതെ കിടന്ന ശേഷമായിരുന്നു, ആ മരണമെന്നതിനാലും അയാള്‍ പണ്ടത്തെപോലെ നിലവിളി കൂട്ടിയില്ല.. ചടങ്ങുകള്‍ക്ക് ശേഷം രണ്ടാമതൊരിക്കല്‍ കൂടി അവളെ ചുടുകാട്ടിലെക്കെടുത്തു.. അയാള്‍ മുമ്പെപ്പോലെ അനുഗമിച്ചു...

ആ ആലിന്ചുവട്ടില് അവര്‍ എത്തി..

പിന്നില്‍നിന്നും അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു..: 'ശ്രദ്ധിക്കണേ.. ആ വേര് തട്ടി വീഴല്ലേ..'

Jul 21, 2008

ഡ്റോസീറാ


ആകാശത്തേക്ക് തുറക്കുന്ന
നിറമോലുമരുമയിതളുകള്‍..
മാദകമായ,
കണ്ടാല്‍ തൊട്ടുവിളിക്കുന്ന
സ്പര്‍ശിനികള്‍
ജന്മാന്തരങ്ങള്‍ തന്‍
അന്ധകാരത്തിലും
അഭൌമമായ് നിറയും സുഗന്ധം
ഇന്ദ്രിയങ്ങളടചാലും
ചുറ്റും നിറയുന്ന സാന്നിധ്യം
പ്രപഞ്ചം മുഴുവന്‍
നിറയുന്ന സാധ്യത..

ഒന്നു തൊട്ടുപോകും..
പിന്നെ..
ധമനികള്‍ പൊട്ടി
ചോരയൊലിച്ചു
മരണം കാത്തുകിടക്കാം ..

തിരസ്കൃതന് പ്രണയം
ഒരു ഡ്റോസീറാ പുഷ്പമാണ്..

(ഡ്റോസീറാ : ജീവികളെ തന്നിലെക്കകര്ഷിച്ചു പിടിച്ചു ചോരയൂറ്റി കൊന്നു തിന്നുന്ന ഒരു പുഷ്പം..)


Jul 12, 2008

പാനശാല


വരിക, യീ പാനശാലയിലേയ്ക്കു
ഇന്നു നിനക്കു ഞാനേകിടാമാതിഥ്യം
നുകരും വീഞ്ഞിനുപകാരം
ദുഖം നല്കി കണക്കുതീര്‍ക്കും
പാനശാലയിതതിവിചിത്രമല്ലേ
ഏറെ നാലായിതിന്നുടമ ഞാന്‍
അതിസമ്പന്നന്‍, ആരാലും
സ്നേഹിക്കപ്പെടുന്നവന്‍
മുനിഞ്ഞുകത്തുമരണ്ട വെട്ടത്തി-
ലിരുന്നോരല്‍പം കരഞ്ഞേച്ചു പോകാം
തെളിഞ്ഞു കത്തിടുമോര്‍മതന്നരുമ -
ച്ചെരാത് മെല്ലെക്കെടുത്തിയേ പോകാം..
വരിക, കാലമെന്നെയെല്പിച്ചോരീ
പാനശാലയില്‍ കാത്തിരിക്കുന്നു ഞാന്‍..
നിസ്സഹായതതന്‍ മെഴുതിരിവെട്ടമായ്
നിശ്വാസമുറയും പ്രണയസ്വപ്നങ്ങളായ്
വെറുതെ, വെറുതെയെന്നോര്‍ത്തു കരഞ്ഞിടും
കാലചക്രത്തിന്‍ ദൈന്യ ഞരക്കമായ്
ഒന്നുമില്ലായ്മ തന്നുണ്‍മയായ്
ഒരു വിശുദ്ധ പുഷ്പമായ്
വരിക, ഞാന്‍ കാതോര്‍ത്തിരിക്കുന്നു..

Jul 9, 2008

അമരത്വം


കാല്‍ക്കലും, തലയ്ക്കലുമല്ല,
എന്റെ കവിളോട് ചേര്‍ത്താണ്
മീസാന്‍കല്ല് നാട്ടേണ്ടത്..
അതില്‍ നിന്റെ നാമം
കൊത്തിവെക്കാന്‍ മറക്കരുത്..
ഹൃദയം പിഴിഞ്ഞ്
ഒരു തുള്ളി ചോര വീഴ്ത്തുക..
നിന്റെ നിശ്വാസം ഉറഞ്ഞതാണ്
ആ കല്ലെങ്കില്‍,
എനിക്ക് അമരത്വം..

Jul 7, 2008

പള്ളിയും ക്രിസ്തുവും പിന്നെ ജിബ്രാനും..


ജിബ്രാന്‍
എഴുതുന്നു...
പണ്ടു ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു... അയാള്‍ അത്രയ്ക്ക് സ്നേഹിക്കപ്പെടെണ്ടവന്‍ ആയിരുന്നതിനാലും അയാളുടെ ഉള്ളില്‍ അത്രയ്ക്ക് സ്നേഹം ഉണ്ടായിരുന്നതിനാലും നമ്മള്‍ അയാളെ ക്രൂശിച്ചു..
അയാളെ ഞാന്‍ ഇന്നലെ മൂന്നു വട്ടം കണ്ടു..
ആദ്യം കാണുമ്പോള്‍ ഒരു വേശ്യയെ ജയിലിലെക്കയയ്ക്കാന്‍ ഒരുമ്പെടുന്ന ഒരു പോലീസുകാരനെ അതില്‍നിന്നും പിന്തിരിപ്പിക്കുകയായിരുന്നു..
പിന്നീട് കാണുമ്പോള്‍ അയാള്‍ ഒരു അധസ്ഥിതനോട് ഒപ്പമിരുന്നു വീഞ്ഞ് കുടിക്കുകയായിരുന്നു...
അവസാന വട്ടം അയാളെ കാണുമ്പോള്‍ അയാള്‍ ഒരു പള്ളിയില്‍ പള്ളിയുടെ രക്ഷാധികാരിയുമായി മുഷ്ടി യുദ്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു..

Jul 2, 2008

വി.കെ.എന്‍. ഉണ്ടായിരുന്നെന്കില്‍...

ഈ ബ്ലോഗ്ഗിങ്ങിന്റെ പൂക്കാലത്ത് നമ്മുടെ 'പയ്യന്‍സ്' ഉണ്ടായിരുന്നെന്കില്‍ നമ്മളെ തിരുത്തുമായിരുന്നു: 'ബ്ലോഗ്ഗര്‍ അല്ല ശരി, ബ്ലോഗന്‍ എന്ന് പറയൂ..... പിന്നെ അഗ്രിഗേറ്റര്‍ അല്ല ശരി, അഗ്രെഗേടന്‍ ആണ് ശരി..' എന്നൊക്കെ .....
പൂം പയ്യന്‍സ് പോയത് വല്ലാത്ത അനാഥത്വം ഉണ്ടാക്കിയിട്ടുണ്ട് ... നീ പോകരുതായിരുന്നു പയ്യന്‍സ്...

Jun 26, 2008

സുനാമി..


എല്ലാം സാധാരണ പോലെ...
ജീവിതത്തിന്റെ തീരങ്ങളില്‍
എല്ലാം സാധാരണ പോലെ..
രാവിലെയുദിച്ച സൂര്യന്റെ താപം
നട്ടുച്ചയ്ക്ക് ഉയര്‍ന്നും
വൈകിട്ട് താണ്‌മിരിക്കും ..
വെയിലും
കടല്‍ക്കാറ്റിന്‍ തണുപ്പും
ഒളിച്ചുകളിക്കും..
പരിചയമുള്ളവരും,
ഇല്ലാത്തവരും
കടല കൊറിച്ച് ഇരിക്കും..
ഓരോ തിരയും വല്ലതും
തരുമെന്നു നിനച്ചു
കടല്‍ക്കാക്കകള്‍
കാത്തു കാത്തിരിക്കും..
എല്ലാം സാധാരണ പോലെ..
നിനച്ചിരിക്കാതെ,
ഒരു തിര വരും...
പലതില്‍ ഒരു തിരയല്ല..
നാം കെട്ടിയ എല്ലാ
എടുപ്പ് കളെക്കാള്‍ ഉയര്ന്നു..
വികാര വേഗത്തെക്കാള്‍
വേഗത്തില്‍..
കാണാന്‍ കണ്ണുകള്‍ പോരാതെ..
നമ്മള്‍, അശുക്കള്‍..
ഓടിക്കളയാമെന്നു കരുതും..
പിന്നാലെ വന്നു വീഴ്ത്ത്തിടും..
തീരതുള്ളവയെല്ലാം
തിരയെടുക്കും..
തിര വലിയുമ്പോള്‍...
തീരം ശൂന്യം..
ചോര വാര്‍ന്നു,
കണ്ണില്‍ ജീവനില്ലാതെ,
ഒന്നുമോര്‍ക്കാതെ
ഒരാള്‍ അവിടിരിക്കും..
അടുത്ത തിരയെ കാത്ത്..
ഓര്‍മ്മകള്‍ ചിലപ്പോള്‍
അങ്ങനെയാണ്..Jun 25, 2008

ആത്മഹത്യ


ജീവിതവും
മരണവും തമ്മിലെന്താണ്?

ഒരു ഭാഷണത്തിന്റെ
ഉപസംഹാരം
അറിഞ്ഞുതീര്‍ക്കുക..

വെറുക്കപ്പെടും മുമ്പേ,
ചുവന്നയിതളുകളില്‍
ചലം വീഴും മുമ്പേ,
തീ പറ്റിയെരിയും
സ്വപ്നങ്ങള്‍ക്ക്
ഭ്രാന്ത് പിടിക്കും മുമ്പേ,
അറിഞ്ഞു തീര്‍ക്കുക..

ജീവിതവും,
മരണവും
ആത്മഹത്യയാണ്..

Jun 24, 2008

ജ്യാമിതി


ജ്യാമിതി

നിന്നോട് പറയുവാന്‍
ഒന്നുമില്ല...
നിന്നോട് പറയുവാന്‍
ഏറെയുള്ളതിനാല്‍..
അര്‍ദ്ധവിരാമങ്ങള്‍
പ്രതീക്ഷയാണ്..
ഒന്നുകിലൊരു രശ്മി പോല്‍
അനന്തതയോളം..
അല്ലെന്കിലൊരു
ബിന്ദുവായോടുങ്ങിടാം..
നീളവും വീതിയും കാലവും
നില്‍ക്കുവാനിടവും വേണ്ടാത്ത
ബിന്ദുവായോടുങ്ങിടാം..
വിസ്മയമീ
ജീവിതത്തിന്‍ ജ്യാമിതി..

Jun 20, 2008

ഞെട്ടി ! (പൂച്ചക്കുട്ടിക്ക് നന്ദി.. പറഞ്ഞതനുസരിച്ച് തലക്കെട്ട്‌ മാറ്റുന്നു )


മോസില്ല ഫയര്‍ഫോക്സിന്റെ പുതിയ വെര്‍ഷന്‍ ഇറങ്ങിയത്‌ അറിഞ്ഞില്ലേ? ഒരു പത്രത്തില്‍ കണ്ടതാനുസരിച്ചു ഞാനും മോസില്ല സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്തിരുന്നു.. ഈ മാസം പതിനേഴാം തീയതി അവര്‍ download ഡേ ആയി പ്രഖ്യാപിച്ചിരുന്നു .. അവര്‍ ഒരു ലോക റിക്കാര്‍ഡ് സ്ഥാപിക്കുവാന്‍ വേണ്ടി പരമാവധി ആള്‍ക്കാരോട് അന്നുതന്നെ download ചെയ്യുവാന്‍ അഭ്യര്തിച്ചിരുന്നു .. മൊത്തം എട്ടു ദശലക്ഷം ആള്‍ക്കാര്‍ അന്ന് download ചെയ്തത്രേ.. ഇന്ത്യയില്‍ നിന്നും ഏകദേശം 95000 പേര്‍.. അങ്ങനെ ഞാനും അന്ന് പുതിയ ഫയര്‍ഫോക്സ് കൈക്കലാക്കി .. പ്രയാസം ഒന്നും കൂടാതെ.. ഒടുവില്‍ ഒരു സര്ടിഫികട് -ഉം കിട്ടി. അല്ലെങ്കില്‍ തന്നെ ഞാന്‍ ഇവന്റെ ഒരു ആരാധകനാണ് .. പുതിയ ഫയര്‍ഫോക്സ് ശരിക്കും ഞെട്ടിച്ചു .. അടിപൊളി .. പുതിയ features ഇവിടെ വിവരിച്ചാല്‍ തീരില്ല ... അനുഭവിച്ചറിയുക , എന്റെ വായനക്കാരാ .. നല്ല speed ഉണ്ട്.. ഒരു കുഴപ്പം നിലനില്ക്കുന്നു.. മലയാളം പത്രങ്ങളുടെയും മറ്റും സൈറ്റ് -ഉകള്‍ ഇപ്പോഴും വായിക്കുവാന്‍ കഴിയുന്നില്ല... അത് ഇനി എന്നാണാവോ ശരിയാവുക? firefox സംബന്ധിച്ച് വെറുതെ ഒന്നു നെറ്റില്‍ പരതിയപ്പോള്‍ രസകരമായ ഒരു ചിത്രം കിട്ടി.. ഒന്നു കണ്ടുനോക്കൂ.. (ഞാന്‍ ചിത്രം മോഷ്ടിച്ച സൈറ്റില്‍ ഒരു അടിക്കുറിപ്പ് ഉണ്ട് : the most fortunate firefox എന്ന്..)

Jun 5, 2008

അതാ.. മുറ്റത്തൊരു മൈന!
നമ്മുടെ മൈന ഉമൈബാന് മാതൃഭൂമി വാരന്തപതിപ്പില് എഴുതിയത് വായിച്ചില്ലേ ? പെണ്നോട്ടം ആണ് വിഷയം.. നിരീക്ഷനതിന്റെ അഭാവം കലശലായി ഉണ്ട്. തൊണ്ണൂറുകളുടെ പകുതി വരെ (ഏകദേശം) ഈ പെണ്നോട്ടത്തിന്റെ പരസ്യമായ സാന്നിധ്യം ഇല്ലായിരുന്നു എന്നത് സത്യം തന്നെ . എന്നാല് ഇന്നു ആണുങ്ങള്ക്ക് അറിയാം (പെണ്ണുങ്ങള്ക്കും) പെണ്നോട്ടം നമ്മുടെ വികാരപരിസരങ്ങളെ സ്വാധീനിക്കുന്നുന്ടെന്നു.. ആണുങ്ങളെ കവച്ചുവെക്കുന്ന തരത്തില് പെണ്ണിന്റെ നോട്ടം പരിണാമം പ്രാപിചിട്ടുന്ടെന്നത് പെരുമാട്ടങ്ങളെ കൌതുകപൂര്വ്വം നിരീക്ഷിക്കുന്ന ഒരാളെന്ന നിലയില് ഈയുള്ളവനും, അല്ലാത്തവന്മാര്ക്കും, അവളുമാര്ക്കും അറിയാം.. ഈ മൈനയുടെ ഒരു കണ്ടുപിടുത്തം! ഇതിങ്ങനെ എഴുതി അറിയിച്ചാല് മാത്രം തിരിച്ചരിയുന്നവരല്ല ആണുങ്ങള്.. ഇതു എല്ലാവരും തിരിച്ചറിയുന്നത് കൊണ്ടല്ലേ, പെണ്ണുങ്ങളെ തോല്പിക്കുന്ന തരത്തില് പുത്തന് ആണുങ്ങള് ഒരുങ്ങി നടക്കുനത്..(സച്ചിദാനന്ദന് പറയും, 'പെണ്ണ്ന്മാര്' എന്ന് ). സ്വര്ന മാലയും, ബ്രയ്സ്ലെടും അഞ്ചെട്ട് ചരടുകളും ഇറുകിപിടിച്ചു, മസിലുകള് മാത്രമല്ല, മുലഞ്ഞെട്ടുകള് വരെ പുറത്തു കാണുന്ന വസ്ത്രങ്ങളും make-up ഉം ഒക്കെയായി ആണുങ്ങളുടെ cosmetic വിപ്ളവം പൊടിപൊടിക്കുന്നു.. പെണ്നോട്ടം ഞങ്ങള് ശരിക്കും തിരിച്ചറിയുന്നുണ്ട്.. ഞങ്ങളും നോക്കും എന്ന് മൈന എഴുതുന്നതിനു എത്രയോ മുന്പ് തന്നെ..
പക്ഷെ, മൈന പറഞ്ഞ ഒരു ഉദാഹരണം തല തിരിഞ്ഞു പോയി.. പെണ്കുട്ട്യോല്ടെ ചുണ്ടുള്ള ലാലു മനോഹരനാണെന്ന് തോന്നുന്നത് അത്ര സുഖമുണ്ടോ ? ആണുങ്ങള്ക്ക് ആണത്തവും, പെണ്ണുങ്ങള്ക്കു പെണ്ണതതവും അല്ലേ മനോഹാരിത നല്കുന്നത്? ആണുങ്ങളുടെ പെണ്ണതതവും, പെണ്ണുങ്ങളുടെ ആണത്തവും ഒരുപോലെ വൃത്തികെടല്ലേ? ശരീരം മുഴുവന് മസിലുകളുള്ള martina navaratilova യെക്കാള് ഞങ്ങള് ഇഷ്ടപ്പെട്ടിരുന്നത് പെണ്ണത്തം നിറഞ്ഞ steffi graf ന്ടെ ചലനങ്ങളെ ആയിരുന്നു..

ആണ് നോട്ടത്തിന്റെ തീവ്രത പെണ്ണുങ്ങളുടെ വേഷവിധാനത്തില് അറിയാമെന്നതുപോലെ പെണ്നോട്ടത്തിന്റെ തീവ്രത പുരുഷനെ കാണുമ്പോഴും അറിയാം.. നമ്മളെല്ലാം എതിര് ലിംങതോട് അത്രയേറെ concerned ആണ്.. 'എന്തൊരു നോട്ടമാ ഇയാളുടെത്' എന്ന് പറയുമ്പോഴും അവള് bodyshape വസ്ത്രതിലൂടെ ഇനിയുമെത്ര നഗ്നയാവാം എന്ന് ചിന്തിക്കുകയാവും.. നേരെ തിരിച്ചും..
അതുപോലെ, ലൈംഗികതയെ ഇങ്ങനെ സ്വന്തം തോന്നലുകളുടെ വക്രതകളിലെക്കൊതുക്കി നിര്വ്വചനങ്ങള് മെനയുവാന് തുനിയുന്നത് അറിവില്ലായ്മ കൊണ്ടല്ലേ? മൊത്തം മനുഷ്യരുടെ എണ്ണത്തെ വികാരങ്ങള് മിന്നിമായുവാന് എടുക്കുന്ന നിമിഷ ശകലങ്ങളുടെ എണ്ണം കൊണ്ടു വീണ്ടും ഗുണിച്ചാല് കിട്ടുന്നതിനേക്കാള് വൈചിത്ര്യമാര്ന്ന മനുഷ്യ ലൈംഗികതയുടെ ചക്രവാളം.. അതുകൊണ്ടുതന്നെ, ലൈംഗികതയെ പറ്റി പറയുമ്പോള്, പ്രബന്ധം രചിക്കുമ്പോള് അത്രയും വിനയം മനസ്സില് വേണം..
പെണ്ണുങ്ങളെ തുറിച്ചുനോക്കുന്ന ആണുങ്ങളെ പറ്റി പറയുമ്പോള്, ഒരു രസം പറയട്ടെ.... ആരുമറിയാതെ പെണ്ണുങ്ങളുടെ സ്വഭാവം നിരീക്ഷിക്കാന് നല്ല രസമാണ്. ഒരു സുന്ദരി പെണ്ണ് നടന്നു പോവുമ്പോള് ഞാന് അവളെ നോക്കാറുണ്ട്. (തുറിച്ചു നോക്കാറില്ല) കണ്ടതേയില്ല എന്ന മട്ടില് നോക്കുന്നതെയില്ല എന്ന മട്ടില് നോക്കുവാന് ആണ് എനിക്കിഷ്ടം.. അപ്പോഴും മനസ്സിന്റെ റെറ്റിനയില് അവള് ആകെപ്പാടെ പതിഞ്ഞിരിക്കും.. ഇത്തരം സുന്ദരിമാരെ മറ്റു പെണ്ണുങ്ങള് നോക്കുന്നത് ശ്രദ്ധിച്ച് നോക്കൂ.. രസകരമാണ് ആ നോട്ടം.. വലിയ കണ്ണുകളിലും, necklace പതിഞ്ഞു കിടക്കുന്ന കഴുത്തിന്റെ താഴ്വരകളിലും, കവിളുകളിലും, ആക്രിതിയൊത്ത മുലകളിലും ശരീരത്തിന്റെ വടിവുകളിലും എല്ലാം ഈ 'പെണ്നോട്ടം' (തുറിച്ചു നോട്ടം) എത്തും... എന്താവാം അതിന്റെ മനശാസ്ത്രം?
പണ്ടൊരു സാഹിത്യകാരന് പറഞ്ഞിട്ടുണ്ട് :'എഴുതിയില്ലെന്കില് മരിച്ചുപോകും എന്ന് വരുമ്പോഴേ എഴുതാന് പാടുള്ളൂ..' എന്ന്.. നമ്മുടെ ശ്രീനിവാസന് പറഞ്ഞിട്ടുണ്ട്, ഞാന് നല്ലതല്ലെന്ന് കരുതി എടുക്കാതിരുന്ന അഞ്ഞൂറോളം സിനിമകളാണ് മലയാളത്തിനു എന്റെ സംഭാവന എന്ന്..

പിന്നെ അത്ഭുതം തോന്നുന്നു .. ഒരു മാധവിക്കുട്ടിക്ക് അപ്പുറത്തേക്ക് ഇവര്ക്കൊന്നും പോവണ്ടേ ?

May 29, 2008

ആത്മാനന്ദന്മാരുടെ ഈ ലോകം... (ഒരു അനുഭവം)

ഇപ്പോള് പത്രങ്ങളില് ഏറെ ചര്ച്ച ചെയ്യപ്പെട്ടുകൊണ്ടിരുക്കുന്ന ഒരു സ്വാമിയേ പറ്റി ഞാന് പറയാം.. പണ്ടൊരു ദിവസം ഞാന് എന്റെ ജോലി സംബന്ധമായ ഒരു pamphlet ഡിസൈന് ചെയ്യുന്നതിന് വേണ്ടി കൊഴികൊട്ടെ ഒരു graphic designer - ടെ അടുത്ത് ചെന്നു.. അപ്പോള് അവിടെ മേല്പ്പറഞ്ഞ സ്വാമി ഇരിക്കുന്നുണ്ട്.. സ്വാമി മൂപ്പരുടെ ഒരു booklet ഡിസൈന് ചെയ്യുന്നതില് വേണ്ട നിര്ദേശങ്ങള് കൊടുക്കുകയാണ്.. ( സ്വാമിയെ എനിക്ക് നേരത്തെ പരിചയം ഉണ്ട്.. ഒരിക്കല് ഒരു ചലച്ചിത്ര ശില്പശാലയില് പന്കെടുക്കുവാന് വേണ്ടി തിരുവനന്തപുരത്ത് പോകുമ്പോള് തീവണ്ടിയില് എന്റെ സഹായത്രികനായിരുന്നു.. (പൂര്വാശ്രമത്തില്) അന്ന് ഒരു സിനിമ സംവിധായകനായിരുന്ന ഇയാള് ഒരു ആവറേജ് മനുഷ്യന് മാത്രമായിരുന്നു..) നമ്മുടെ സ്വാമിയും designer - ഉം തമ്മിലുള്ള സംഭാഷണം ചുവടെ :

സ്വാമി : ഇനി എന്റെ ചിത്രം കൊടുക്കണം ...
designer : ഏത് ചിത്രം വേണം ?
സ്വാമി : കാണാന് നല്ല ചിത്രം തന്നെ ആയിക്കോട്ടെ
designer : ഇതു പോരെ?
സ്വാമി : അത് മതി, പക്ഷെ, തലക്ക് ചുറ്റും വെളിച്ചം വേണം..
designer : അത് ശരിയാക്കാം.. ഫോടോഷോപ്പില് ചെയ്യാന് പറ്റാത്തതായി എന്താണ് ഉള്ളത് !
സ്വാമി : ഇത്ര വെളിച്ചം പോര.. കുറച്ചു കൂടി വേണം..
designer : ഇതു മതിയോ ?
സ്വാമി : മതി മതി..... ഇനി ഉയര്തിപിടിച്ച ചൂണ്ടുവിരലിനു ചുറ്റും വെളിച്ചം വേണം..
designer : ഒരു സൂര്യന് ഉദിച്ച പോലെ.. ഇങ്ങനെ മതിയോ?
സ്വാമി : മതി... ഇതു മതി.. ഇതു മതി..

സ്വാമിയുടെ കണ്ണില് തിളങ്ങിയിരുന്ന ഭാവമാണോ, ആത്മാനന്ദം എന്ന് പറയുന്നതു ?

എന് ചെതക്ക് വിറ്റൊരു മണി പള്സരു വാങ്ങി ഞാന്..

വിട, പ്രിയപെട്ട ചേതക്..
ചിലപ്പോള് നമ്മള് അങ്ങനെയാണ്.. ചില ഇഷ്ടങ്ങള്ക്ക് കാരണങ്ങള് ഉണ്ടാവണമെന്നില്ല.. എന്നാലും നമ്മള് ആശിച്ചു പോകും.. അങ്ങനെയൊരു ഇഷ്ടമായിരുന്നു എനിക്ക് പള്സര് ബൈക്കിനോട്.. കഴിഞ്ഞ പതിനൊന്നു വര്ഷമായി എന്നോടൊപ്പം എല്ലാ സന്തോഷങ്ങളും സന്കടങ്ങളും ഒപ്പം പന്കുവേച്ച എന്റെ ചേതക് സ്കൂട്ടര് ഞാന് വിറ്റു. പിരിയുന്നതില് സന്കടമുണ്ട്.. ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയും നിരാശകളുടെയും പന്കുപറ്റി എന്നെ സഹിച്ച എന്റെ ചെതക്കിനു വിട.. പശുകുട്ടിയെ വില്ക്കുമ്പോള് വീട്ടിലെ കൊച്ചുകുട്ടിക്കു തോന്നുന്ന ഹൃദയവേദന ഞാനും അറിയുന്നുണ്ട്..

പിന്നെ, പള്സര് ഞാന് ഏറെ ഇഷ്ടപെടുന്ന ബൈക്ക് ആണ്.
ഒരു പഴയ 2004 മോഡല് പള്സര് ആണ് വാങ്ങിയത്.. ഇനി അതിനെ പ്രണയിക്കണം.. എന്റെ യാത്രകളില് എന്റെ കൂടെയുണ്ടാവണം.. മരിക്കുന്നതിനു മുന്പ് ഇനി എത്ര യാത്രകള് ബാക്കി കിടക്കുന്നു... സ്കൂട്ടര് നെ അപേക്ഷിച്ച് നല്ല riding comfort ഉണ്ട്. പക്ഷെ, വീട്ടിലേക്ക് ഒരു സാധനവും വാങ്ങി വരന് കഴിയില്ല.. പത്തു രൂപയുടെ മീന് വാങ്ങിയാല് പോലും കുടുങ്ങി പോകും.

സ്വാഗതം, പള്സര്..

May 2, 2008

യുറിക്കാ! കിട്ടിപ്പോയ്! ....

ഇന്നലെ ഞാന് എന്റെ ബ്ലോഗ്ഗര് അക്കൌന്ടില് മലയാളം ബ്ലോഗിങ്ങ് ഓപ്ഷന് കിട്ടാഞ്ഞതില് സന്കടപ്പെട്ടതായി എന്റെ വായനക്കാര്ക്ക് ഒര്മയുണ്ടാവുമല്ലോ ! അതിന്റെ കാരണം മനസ്സിലായി.. എന്താണെന്നോ? ഞാന് ആദ്യം ഫയര്ഫോക്സ് ബ്രൌസര് ആണ് ഉപയോഗിച്ചിരുന്നത്.. ഒരു മാറ്റത്തിനുവേണ്ടി ഞാന് ഓപ്റ ബ്രൌസര് ഉപയോഗിച്ചു തുടങ്ങിയിരുന്നു.. ഓപ്റയില് transliterian എര്പാട്പ്രവര്ത്തിക്കുന്നില്ല.. ഇന്നു ഞാന് വീണ്ടും ഫയര്ഫോക്സ് ലേക്ക് മാറി, മലയാളം ബ്ലോഗിങ്ങ്തിരിച്ചുകിട്ടി... അങ്ങനെ ഞാന് വീണ്ടും ഒരു കാര്യം കണ്ടുപിടിച്ചു.. എന്നെക്കൊണ്ട് ഞാന്തോറ്റു.. ഫയര്ഫോക്സ് നീണാള് വാഴട്ടെ!

where is the malayalam blogging option?


yesterday, i was so much happy for being understood the malayalam blogging... but, i am not able to see the button on my titlebar of blogger.. i have saved it in my settings several times, but in vein.. little bit disappointed now....
just now returned from wynad, the place of scenic beauty of kerala.. a one-day tour from bank.. kuruva island, banasurasagar, pookod lake, etc.... more photos and details of wynad tour follows...

Apr 30, 2008

ഇനി ഞാന് മലയാളത്തില് ബ്ലോഗട്ടെ......?

ഒരു
സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെടുകയാണ്.. എല്ലാവരും മലയാളത്തില് ബ്ലോഗ് ചെയ്യുന്നത് കാണുമ്പോള് കൊതി തോന്നും.. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് വെച്ചു നടന്ന ബ്ലോഗ് ശില്പശാലയില് പന്കെടുക്കാന് കഴിഞ്ചില്ല.. ഒരുപാടു സങ്കടം ഉണ്ട് ... ആരോട് പറയാന്? അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ മുന്നില് മലയാളം ബ്ലോഗിങ്ങ് പ്രത്യക്ഷപ്പെടുന്നത്.. ഇനി ഞാനേറ്റു ...... ബ്ലോഗ്ഗര്മാര് ജാഗ്രതൈ.. ജീവിതമെന്ന മനോഹര ഭാവഗീതവുമായി ഞാന് വരുന്നു... ഒരുപാടു കാലമായി ഒന്നു ബ്ലോഗ് ചെയ്തിട്ടു.... അല്ല, മഴ എവിടെ? തിരക്കായി ഒരു മഴ നനയാന്..