Dec 8, 2008

പകല്‍ നക്ഷത്രങ്ങള്‍ കണ്ടപ്പോള്‍..

ഒരല്പം ചരിത്രം:
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്ലാസ്സിലെ ഒന്നാമന്‍ മനോജും രണ്ടാമന്‍ ഞാനും ആയിരുന്നു. ഒരിക്കല്‍ മനോജ് ഒരു വലിയ അറിവ് ഞാനുമായി പങ്കുവെച്ചു.. അതായത്, പരസ്യങ്ങളില്‍ A എന്ന് എഴുതി ഒരു വട്ടമിട്ടു കാണുന്ന സിനിമകള്‍ കുട്ടികള്ക്ക് കാണാന്‍ കൊള്ളില്ല എന്ന അറിവാണ്‌ അവന്‍ എനിക്ക് പറഞ്ഞു തന്നത്. പിന്നെ ഒരിക്കല്‍ 'മനസാ വാചാ കര്‍മണാ' എന്ന സിനിമ കാണാന്‍ വേണ്ടി അച്ഛനും അമ്മയും പോകുമ്പോള്‍ ഞാന്‍ വരില്ലെന്ന് വാശി പിടിച്ചു.. അച്ഛന്‍ എന്നെ പിടിച്ചു വലിച്ചു കൂട്ടിക്കൊണ്ടുപോയി.. ഒരുപാടു സങ്കടപ്പെട്ടു, ഞാനന്ന്..
അന്നത്തെ വലിയ താരം ജയന്‍ ആയിരുന്നു.. അടവുകള്‍ പതിനെട്ട്, ശരപഞ്ജരം, കരിമ്പന, അങ്ങാടി, ഇങ്ങനെ ജയന്റെ സിനിമകള്‍ കണ്ടു കണ്ടു ഞാന്‍ അദേഹത്തിന്റെ ഒരു വലിയ ആരാധകന്‍ ആയി മാറിയിരുന്നു.. അങ്ങനെ ജയന്‍ മരിച്ചു.. അന്ന് ഒരുപാടു സങ്കടപ്പെട്ടു, എന്റെ കുഞ്ഞു മനസ്സ്. ജയന്‍ മരിച്ചിട്ടില്ല, എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് പത്രത്തില്‍ ഒരു കപട വാര്ത്ത വന്നപ്പോള്‍ എത്രയാണ് സന്തോഷിച്ചതെന്നോ.. സ്കൂളില്‍ വെച്ചു ഞങ്ങള്‍ കൂട്ടുകാര്‍ ഒരു തീരുമാനം എടുത്തു.. ഇനി ജയന്റെ സിനിമകള്‍ മാത്രമെ കാണുകയുള്ളൂ എന്നതായിരുന്നു, ആ തീരുമാനം.. പിന്നൊരിക്കല്‍ ജയന്‍ ഇല്ല്ലാത്ത 'അര്‍ച്ചന ടീച്ചര്‍' എന്ന സിനിമ കാണാന്‍ വിളിച്ചപ്പോള്‍ ഞാന്‍ പോയില്ല. അന്ന് അമ്മയാണ് ഏറെ തല്ലിയത്..
വടകരയില്‍ ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍ കൊല്ലത്തില്‍ മൂന്നു സിനിമ കാണാന്‍ അച്ഛന്‍ പണം തരും.. ഓരോ ടേം പരീക്ഷയുടെയും അവസാന ദിവസം സിനിമ കാണാം.. അതായിരുന്നു നിബന്ധന.. അങ്ങിനെയാണ് അനന്തരം, സ്വാതി തിരുനാള്‍, പഞ്ചാഗ്നി, ഒരിടത്ത് തുടങ്ങിയ സിനിമകള്‍ കണ്ടത്.. കൂട്ടുകാരായ സുധീറും സന്തോഷും ഒക്കെ ആ ടേസ്റ്റ് ഉള്ളവരായിരുന്നു.
പിന്നെ കോളേജില്‍ ചേര്‍ന്നപ്പോള്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനം ക്ഷയിച്ചു തുടങ്ങിയിരുന്നെങ്കിലും ഓര്‍ക്കാട്ടേരി ബോധി തുടങ്ങിയ സംഘടനകളും കോളേജ് യൂനിയനും നല്ല സിനിമകള്‍ എനിക്ക് തന്നുകൊണ്ടിരുന്നു.. എല്ലാ സിനിമകളും വാരിവലിച്ചു കണ്ടിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.
പിന്നെ ഒരിക്കല്‍ ചലച്ചിത്ര അക്കാദമിയും ശാസ്ത്ര സാഹിത്യ പരിഷത്തും സംഘടിപ്പിച്ച ഒരു ശില്പശാലയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞു . ആ ശില്പശാല എന്നിലെ ആസ്വാദകനെ ആകെ മാറ്റി തീര്ത്തു.. സിനിമയുടെ ലോകം എന്നത് എത്ര വിശാലവും ആഴമേറിയതും ആണെന്ന് എനിക്ക് ബോധ്യമായി.. bicycle thieves, battleship of potemkin, ചാപ്ലിന്‍ സിനിമകള്‍, rashamon തുടങ്ങി ഒരുപാടു സിനിമകള്‍ മൂന്നു ദിവസം കൊണ്ടു കണ്ടപ്പോള്‍, ഞാന്‍ ഇത്ര കാലവും കണ്ടിരുന്നത്‌ സിനിമ എന്ന് തെറ്റിദ്ധരിച്ച എന്തോ ആണെന്ന് മനസ്സിലായി.. സിനിമയുടെ ഭാഷ മനസ്സിലാവുക എന്നത് ഒരു ചലച്ചിത്രകാരനെ രൂപപ്പെടുത്തുന്നതില്‍ വഹിക്കുന്ന പങ്കു എത്ര വലുതാണെന്ന് അന്നാണ് മനസ്സിലായത്.
ആ ശില്പശാലയുടെ ഒടുവില്‍ രാത്രിയിലാണ് അവസാന സിനിമയായി children of heaven എന്ന ഇറാനിയന്‍ സിനിമ കണ്ടത്.. ശ്വാസം അടക്കിപ്പിടിച്ചു കണ്ടിരുന്നു, ആ സിനിമ.. ആ കുട്ടികളുടെ കൈയില്‍ നിന്നും പിഞ്ഞിയ ആ ഷൂ ഓടയില്‍ വീണപ്പോള്‍ ഞാന്‍ മാതമല്ല, എത്രയോ പേര്‍ 'അയ്യോ' എന്ന് പറഞ്ഞുപോയി.. ഒടുവില്‍ വിമലീകരിച്ച മനസ്സുമായാണ് ഞങ്ങള്‍ എഴുന്നേറ്റത്‌.. എന്തൊരു ചിത്രമാണത്! ഒരു സാധാരണ കഥ.. അത് പറഞ്ഞു പോയത് എങ്ങിനെയാണ്! വല്ലാത്തൊരു അല്‍ഭുതമായി തോന്നി ആ സിനിമ. ചലച്ചിത്രത്തിന്റെ ഭാഷ അതാണ്‌..
---------------------------------------
കുറെ ദിവസമായി, ഭാര്യ പറയുന്നു ഒരു സിനിമ കാണണം എന്ന്.. അങ്ങനെ പോയതാണ് 'പകല്‍ നക്ഷത്രങ്ങള്‍' എന്ന സിനിമ കാണാന്‍.. ഭാര്യയുടെ ചേച്ചിയും ഭര്‍ത്താവും ഇതേ സിനിമയ്ക്ക് പോകാന്‍ ഇരിക്കുകയായിരുന്നു. സിനിമ കണ്ടു ഇറങ്ങിയപ്പോള്‍ ഞാന്‍ ഉണ്ണിയേട്ടനെ വിളിച്ചു പറഞ്ഞു, ഈ സിനിമയ്ക്ക് വന്നാല്‍ ഞാന്‍ നിങ്ങളെ അടിയ്ക്കും എന്ന്..
ജുഗുപ്സാവഹമായ കഥ.. നരേഷന്റെ അതിപ്രസരം.. മലയാളം സിനിമയാണോ എന്ന് തോന്നുന്ന തരത്തില്‍ ഇംഗ്ലീഷ് സംഭാഷണങ്ങളുടെ അധിക സാന്നിധ്യം.. ഒട്ടും മിഴിവില്ലാത്ത കഥാപാത്രങ്ങള്‍ (അവരുടെ ഒക്കെ ജീവിതത്തിന്റെ ഫിലോസഫി എന്താണെന്ന് ഒട്ടും മനസ്സിലായില്ല). ഇടയ്ക്കും തെറ്റയ്ക്കും അടിച്ചുവിടുന്ന വലിയ വലിയ തത്വശാസ്ത്രങ്ങള്‍..
പലതും പറയാതെ പറയുമ്പോഴാണ് ഉള്ളില്‍ തറയ്ക്കുക എന്ന് തിരക്കഥ എഴുതിയ അനൂപ് മേനോന് ഇനിയും മനസ്സിലായില്ലെന്നോ.. പലതിനെയും മഹത്വവല്‍ക്കരിക്കുവാന്‍ സ്വീകരിക്കുന്ന ഗിമ്മിക്കുകള്‍..
ഇനിയും വയ്യ.. കുറ്റം പറയല്‍ വലിയ വിഷമമുള്ള ഒരു കാര്യമാണ്..
'ദൈവത്തിന്റെ വികൃതികള്‍' ഒന്നു കാണുക, മിസ്റ്റര്‍ അനൂപ് മേനോന്‍, ഒരു തിരക്കഥ factory made ആണെന്ന് തോന്നരുത്‌.. ഒരു തപസ്സു അതിന് പിന്നില്‍ ഉണ്ടെന്നു അനുവാചകന്‍ അറിയാതെ അറിയണം.. പരസ്യ വാചകങ്ങള്‍ ഇല്ലാതെ തന്നെ..
നായന്മാരെ അന്ധമായി എതിര്‍ക്കുന്ന ആ പോലീസുകാരന് നിങ്ങള്‍ 'തിലകന്‍' എന്ന് തന്നെ പേരു കൊടുത്തിരിക്കുന്നു.. എന്തൊരു മനോ വൈകൃതമാണിത്!
പക്ഷെ, ജനത്തെ സമ്മതിക്കണം.. അവര്‍ തിരിഞ്ഞു നോക്കുന്നില്ല.. കോഴിക്കോട് davison തിയടറില്‍ നാലിലൊന്ന് ആളില്ല, ഇതു കാണാന്‍..