Dec 25, 2011

പിന്‍കാഴ്ച കണ്ണാടിയിലെ ജീവിതം..












സത്യം!!
മുന്‍ കാഴ്ച സത്യവും
പിന്‍ കാഴ്ച  മിഥ്യയും..
നേര്‍ക്കാഴ്ചയ്ക്ക് കണ്ണും
പിന്‍ കാഴ്ച്ചയ്ക്കൊരു  കണ്ണാടിയും..
പക്ഷെ, സത്യം തന്നെയാണോ?
ഒരു അങ്കലാപ്പ് ബാക്കിയാണ്..
--------------
പണ്ട് പണ്ട്..
ഒരു സൈക്കിള്‍ ഉണ്ടായിരുന്നു..
ആ സൈക്കിളില്‍ ഒരു ഞാനും
ആ സൈക്കിളിലൊരു
പിന്‍ കാഴ്ച കണ്ണാടിയും..
നേര്‍ക്കാഴ്ച മടുത്തിട്ടോ, എന്തോ,
കണ്ണാടിയിലെ പിന്‍ കാഴ്ചയ്ക്ക്
മനസ്സിലേക്കുള്ള കുറുക്കുവഴി
മന:പാഠമായിരുന്നു..
വഴിയും പുഴയും മഴയും
പൂവും പാലവും പാടവും
ഉദയവു, മസ്തമയവും
പകലും പാതിരയും
മഞ്ഞും നിലാവും
എന്നു വേണ്ട, നീയും
പിന്കാഴ്ച കണ്ണാടിയിലെ
സത്യങ്ങള്‍ ..
കണ്‍ മുന്‍പിലെ നിന്നെ കാണാതെ
കണ്ണാടിയിലെ നിന്നെ
ഇമവെട്ടാതെ
നോക്കിനിന്നു..
എന്നെ കാണാതെ പോയ നീ
തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത്
കണ്ണാടിയിലൂടെ കണ്ടു ഞാന്‍
പൂത്ത കുന്നുകളില്‍ പെയ്യും
സുഗന്ധ മഴയായ് മാറിയതും സത്യം..
നീ തിരിഞ്ഞു നേരെ നോക്കിയപ്പോള്‍,
എനിയ്ക്ക് ഒരു കണ്ണാടി വേണ്ടി വന്നു..
പക്ഷെ, എന്തേ നീയെന്റെ കണ്ണില്,
ഞാന്‍ നിന്റെ കണ്ണില്‍,  നേരെ നോക്കിയില്ല?
കണ്ണോ, കാഴ്ചയോ സത്യം?
------------------
ഇരുട്ടില്‍  ഞാന്‍ തിരയുന്ന
പിന്കാഴ്ച കണ്ണാടിയില്‍
അന്നേ എഴുതിയിരുന്നതും
ഞാന്‍ കാണാതെ പോയതും
ഈ മുന്നറിയിപ്പു വാക്കുകള്‍ :
'കണ്ണാടിയില്‍ കാണുന്നതെല്ലാം
നിങ്ങള്‍ കരുതുന്നതിനെക്കാള്‍
അടുത്താ, ണരികിലാ, ണോര്‍ക്കുക'
എങ്കിലും,
നിറമില്ലായ്മയെ ഏഴും എഴുപതും
ഏഴായിരവും നിറങ്ങളാക്കുന്ന
സ്ഫടികത്തുണ്ടും തിരയുന്നുണ്ട് ഞാന്‍..
ജീവിക്കാന്‍, മരണമെത്തുവോളം
ജീവിക്കാന്‍, നേര്‍ക്കാഴ്ചയ്ക്കൊരു ജോഡി
കണ്ണു പോര, പിന്നെയോ,
പിന്‍ കാഴ്ച്ചയ്ക്കൊരു കണ്ണാടിയും,
വാര്‍ന്നു വീഴും വെളിച്ചത്തെ
മഴവില്ലഴകായ് മാറ്റുമൊരു ചില്ലു കഷണവും..

Dec 18, 2011

ഒരേ ആകാശം

തമ്മില്‍ പ്രണയിച്ചിരുന്നെങ്കിലും
ഒരാള്‍ മറ്റേയാളെ കൊന്നു..
ചത്ത മറ്റെയാള്‍
കൊടുത്ത കേസില്‍
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു
വിശേഷിപ്പിച്ച ജഡ്ജി
കൊലപാതകിയെ ജീവപര്യന്തം
തടവിനു വിധിച്ചു..
ചത്തയാളിന്റെയും
തടവിലിട്ടയാളിന്റെയും
മഴക്കാലങ്ങള്‍ പെയ്തത്
തീത്തുള്ളികള്‍..
അത് ഒരേ ആകാശം
പെയ്തതെന്നു അറിഞ്ഞപ്പോള്‍
അവര്‍ തമ്മില്‍ കണ്ടു..
ഇനി വയ്യ-യെന്നൊരാള്‍
ഇനി വയ്യയെന്നു മറ്റെയാള്‍..
അവരുടെ ഇടയില്‍
ഇല്ലാതിരുന്ന ഇടത്തില്‍
സുതാര്യമായ ചിറകുകള്‍ വീശി
ഒരു ആകാശക്കുഞ്ഞു മൊഴിഞ്ഞു,
വരൂ..

Dec 9, 2011

മോക്ഷമാര്‍ഗം

കടല്‍പ്പാലത്തിലൂടെ കടലിന്നുള്ളിലേക്ക് കടന്നുകയറുക,
അപ്പോള്‍  മറ്റൊരു ലോകത്തിലെത്തും.
ദ്രവിച്ചു തുടങ്ങിയ കൈവരികളില്‍ പിടിച്ചു നില്‍ക്കാം,
ഉപ്പു കാറ്റ് നിങ്ങളെ നോവിച്ചുകൊണ്ടിരിക്കും, പതറരുത്..
ഒരു നില നമുക്ക് കണ്ടെടുക്കാനാകും..
പെട്ടെന്ന് തന്നെ ധ്യാനാവസ്ഥ നിങ്ങള്‍ കണ്ടെത്തും..
(നിങ്ങള്‍ ഒറ്റയ്ക്ക് തന്നെയല്ലേ? സ്വയം ഒന്നുകൂടി ചോദിക്കുക)
ഒന്നുമില്ലായ്മയെ ആണ് നിങ്ങള്‍ ധ്യാനിക്കുക..
ചുവന്നു താഴുന്ന സൂര്യനെ നിങ്ങള്‍ മറക്കും,
ഒരു തിര നിറഞ്ഞു കരയെത്താന്‍ കഴിയാതെ,
സ്വര്‍ണമണിഞ്ഞു നെടുവീര്‍പ്പിടുന്ന
കടലെന്ന കാമുകിയെ നിങ്ങള്‍ മറക്കും,
നനഞ്ഞ ഉപ്പുകാറ്റിനെ മറക്കും,
ദ്രവിച്ച കൈവരിത്താങ്ങിനെ മറക്കും,
കടല്‍പ്പാലം വിട്ടു നിങ്ങള്‍
ഒന്നുമില്ലായ്മയില്‍ നില്‍ക്കും..
നിങ്ങള്‍ ഒന്നും അറിയുകയേ ഇല്ല,
ഒന്നുമൊന്നും ഒന്നുമൊന്നും..
അപ്പോള്‍,
മൌനത്തിന്റെ സംഗീതവും,
നിറമില്ലാത്ത മഴവില്ലും,
നിങ്ങള്‍ അറിയാതെ അറിയും..
അപ്പോള്‍ മഴ പെയ്യും..
നിങ്ങളുടെ നെറ്റിയില്‍,
ഉമ്മ വീഴാത്ത കവിളില്‍,
നഖം വര വീഴ്ത്താത്ത കഴുത്തില്‍,
ഒരിക്കലും ചിരി വിരിയാതിരുന്ന കണ്ണില്‍,
എണ്ണിയെണ്ണി മഴ തുള്ളികള്‍ വീഴ്ത്തും..
ഒരു ചിതല്‍ പുറ്റ് പോലെ അലിഞ്ഞു തീരും..
അത്രയേ ഉള്ളൂ നിങ്ങള്‍,
നിലത്ത്, മഴയില്‍ അലിഞ്ഞ നിങ്ങളെ
മഴയിലലിഞ്ഞ മണ്ണായി പോലും കാണില്ല..
അപ്പോള്‍ മഴയും നിലയ്ക്കും..
പക്ഷെ,
1 . നിങ്ങള്‍ ശരിയ്ക്കും തനിച്ചാവണം
2 . അതില്‍ നിങ്ങള്‍ക്ക് സംശയമരുത്