Jul 13, 2012

വരമ്പ് മുറിയുമിടം

മഴത്തണുപ്പുണ്ട്‌ 
മഞ്ഞില്‍  നിലാവുമുണ്ട്  
നടക്കുന്നത്,
മഴക്കാലമായതിനാല്‍ 
വെള്ളം നിറഞ്ഞ 
പാടത്തിനു നടുവില്‍ 
കാലില്‍ പുല്ലു കുത്തുന്ന 
ചെളി നിറഞ്ഞ വരമ്പിലൂടെയാണ് 
വരമ്പ് മുറിഞ്ഞു 
വെള്ളമൊഴുകുമിടം 
ചാടിക്കടന്നതേയുള്ളൂ 
അവിടെ പിന്നെ 
വരമ്പില്ലായിരുന്നു 
ഊര്ന്നൂര്‍ന്നു വീണുപോയി 
നുള്ളി നോക്കിയപ്പോഴറിഞ്ഞു 
ഇനി സ്വപ്നമേയുള്ളൂ 

ഒന്ന് നന്നായി -
ചെളിമണവും 
പാടത്ത് വീണുകിടന്ന 
നിലാവും 
മറക്കാതെടുത്തു ഞാന്‍ ..

Feb 26, 2012

മുഷ്ടിസമരമുഖത്തുനിന്നും ഓടിവരുന്ന
ആ തൊഴിലാളിയുടെ
നെറ്റിയിലെ മുറിവില്‍ നിന്നും
ഒഴുകിയ ചോര കൊണ്ട്
അയാളുടെ കണ്ണ് മൂടിയിരുന്നു..
കിതപ്പിനിടയിലും അയാള്‍
പരിഭ്രാന്തനായിരുന്നില്ല..
ഓരോ വാക്കിനിടയിലും
ശ്വാസം നിറച്ചുകൊണ്ട്
അയാള്‍ എന്നോട് ചോദിക്കുന്നു,
നിങ്ങളെന്താ, ഇങ്ങനെ
കൈ നിവര്‍ത്തി പിടിച്ചിരിക്കുന്നത്?
സ്വന്തം ചോരപുരണ്ട കൈ
ചുരുട്ടി മുഷ്ടി കൊണ്ട് അയാള്‍
എന്റെ മുഖത്തിടിക്കുംപോലെ
ചോദിക്കുന്നു..
തോറ്റവന്റെയുത്തരം 
മറുചോദ്യ, മതിങ്ങനെ:
നിങ്ങളെന്തിനാ
മുഷ്ടി ചുരുട്ടുന്നത്?
അവനു പോലും തുറക്കാന്‍ കഴിയാത്ത
മുഷ്ടി കൊണ്ട്
എന്റെ മൂക്കിനു നെരെയോന്നാഞ്ഞുകൊണ്ട്
അവന്‍ പറയുന്നു,
ഇതിലെന്റെ ജീവിതം,
കൈ നിവര്‍ത്തിയാല്‍
അതൂര്‍ന്നുപോകു, മറിയുക..
ഏതോ ശത്രുവിന്‍ കാലടിയൊച്ചയില്‍
ജാഗ്രത പൂണ്ട ചലനത്തില്‍,
അവനൊരു മരം മറഞ്ഞു, പിന്നെ,
മറഞ്ഞു..
പക്ഷെ, ഈ ഞാനെന്താണിങ്ങനെ
കൈ തുറന്നിരിക്കുന്നു?
ശരി തന്നെ, മറന്നേ പോയി ഞാന്‍,
ജീവിതം വന്നു കൈക്കുള്ളിലെത്തണ്ടേ,
കൈചുരുട്ടി മുഷ്ടിയാക്കി
ജീവിത മണല്‍ത്തരികള്‍
ചോരാതെ കാക്കാന്‍? 

Feb 14, 2012

ഒരേ യാത്ര


നമുക്കിനി ഒരേ  കാറ്റിലൊഴുകും
മേഘങ്ങളാകാം,
ഒരേ വെയിലില്‍ തപിയ്ക്കാം,
നമുക്ക് മുകളില്‍ പെയ്യുന്ന
അറിയാത്ത, ഒരേ കനിവിന്റെ
കാണാനീര്‍ത്തുള്ളികള്‍ നുണയാം,
ഒരേ നിലാവില്‍, കളഭം ചാലിക്കു-
മൊരേ മഞ്ഞില്‍, ഒരേ സ്വപ്നത്തിന്‍
പടവുകളിറങ്ങി,
ഒരേ നിദ്ര പങ്കിടാം..
നിന്‍ ചുണ്ടി, ലെന്‍ ചുണ്ടിലൊരേ
പൊന്നുമ്മ തന്‍ വിസ്മയം പകരാം,
ഉടല്‍ചുഴികളില്‍, ഉടല്‍ക്കാടുകളില്‍,
നീലയാം വിഷം തീണ്ടും,
ഉടലിന്‍ കാളിന്ദിയില്‍,
ഒരേ നിശ്വാസം അറിഞ്ഞടരാം..
എങ്കിലും,
എങ്കിലുമെന്‍ സ്വപ്നങ്ങളില്‍
മഞ്ഞ കറുത്ത് പോയ
ഭ്രാന്താശുപത്രി തന്‍ ചുമരില്‍
വിളര്‍ച്ച വീണ കൈവിരലാല്‍
തലോടിയും,
പിന്നെയീ ജനല്ക്കാഴ്ച തരും
മരുഭൂമി തന്‍ വരണ്ട,
നീരില്ലാക്കാഴ്ചയ്ക്ക് പുറം തിരിഞ്ഞും,
ഇല്ലാച്ചങ്ങല കൊണ്ട്
കെട്ടിയിട്ടും,
കണ്ണില്‍ കെടും വെളിച്ചത്തെ
കൈവീശി യാത്രയാക്കിയും,
നിമിഷങ്ങളടരുന്ന നേരത്ത്,
കണ്ണില്‍, കനവില്‍,
ഒരേ ഉന്മാദവും പേറി
നീ വരണം,
മരുഭൂമിയില്‍ പൂക്കുന്ന
ഒരു അര്‍ദ്ധ ചുംബനത്തിന്റെ
ശില്പഭംഗിയില്‍,
ഒരേ ചിരിമഴവില്ല് കൊണ്ട്
എന്നെ നീയും നിന്നെ ഞാനും
യാത്രയാക്കും.

Jan 19, 2012

നിന്നെ സ്നേഹിച്ചവന്റെ ആത്മഹത്യാക്കുറിപ്പ്


 ഒരു ജീവിതത്തിനു ആരാണുത്തരവാദി?
ചുട്ടുപഴുത്ത മനസ്സുകള്‍ക്ക് സമമായി 
വെള്ളം വീഴുമ്പോള്‍ 'ശീ' എന്നോതുന്ന 
ശരീരങ്ങള്‍ പാവങ്ങള്‍,
അവര്‍ അറിയാതെയാണ് 
ഞാനുണ്ടായത്..
അവര്‍ക്ക് ഉത്തരവാദിത്വം ഏതുമില്ല..
മരണം വരെ ജീവിക്കാന്‍ ഞാന്‍ അവരെ
വെറുതെ വിടുന്നു.
പിന്നെ, പിന്നെയാര്‍ക്കുമില്ല,
ഈ ജന്മത്തിനും ജീവിതത്തിനും,
ഉത്തരവാദികള്‍ ആരുമില്ല..
അതുകൊണ്ട് തന്നെ 
ഒരു സാധാരണ ആത്മഹത്യാക്കുറിപ്പ് 
വെറുതെയാണ്,
ജീവിതത്തിനു ആര്‍ക്കും 
ഇല്ലാത്ത ഉത്തരവാദിത്വം 
പിന്നെ മരണത്തിന്, ആത്മഹത്യയ്ക്ക്,
എങ്ങിനെയുണ്ടാകും?
അതെഴുതി വെറുതെ നേരം കളയാതെ,
എന്നെ ഞാന്‍  വേഗം തൂക്കുക,
അല്ലെങ്കില്‍, ആ വിഷപാത്രം വേഗമെടുക്കുക..
ഈ പൂവിനു നിറം പോരാഞ്ഞല്ല, 
മണം അറിയാഞ്ഞല്ല, 
മുള്ളുകൊണ്ട് കോറിയ 
നനുത്ത, ചോരപൊടിയുന്ന മുറിവുകള്‍ 
സുഖമേകി നീറ്റാത്തത് കൊണ്ടല്ല,
എവിടെയും ചേരാത്ത
ഒരു പസില്‍ കഷണത്തിന്റെ ഏകാന്തതയില്‍,
ഇനി നേരമിരുട്ടി വെളുക്കരുത്..
അതുകൊണ്ട് മാത്രം..
പക്ഷെ, കൂട്ടുകാരീ,
നിനക്ക് തന്ന അവസാന ഉറപ്പും 
ഞാന്‍ തെറ്റിക്കുന്നു..
ഏതെന്നോ?
ആരുമില്ലാതെ, നരച്ച വഴിയില്‍,
വെയിലത്ത്‌, 
മഴ മറന്നും, പുഴുവരിച്ചും,
ഞരങ്ങുമ്പോഴും,
അറപ്പായ്, ആരുമടുക്കാതിരിക്കിലും,
ജീവനെ വെറുക്കില്ലെന്ന
ആ പഴയ ഉറപ്പും തെറ്റിക്കട്ടെ..
ശരിക്കും, മുന്നിലെ വഴി,
പേടിപ്പെടുത്തുന്ന വഴി,
മൂടല്‍മഞ്ഞാല്‍ മൂടുന്ന
വെള്ളച്ചിറകുള്ള മാലാഖക്കുഞ്ഞാണ്
മരണം..