Jul 22, 2008

ദാമ്പത്യം..(ദേവന്‍ പറഞ്ഞ കഥ)

ആദ്യമേ അങ്ങ് പറഞ്ഞേക്കാം.. ഇതു എന്റെ കഥയല്ല.. ഇനി ആരുടെ കഥയാണെന്ന് ചോദിച്ചാല്‍ എനിക്കൊട്ട് അറിയുകയുമില്ല.. കഥ എം.വി.ദേവന്‍ പറഞ്ഞതാണ്. ഞാന്‍ കേട്ടോ എന്ന് ചോദിച്ചാല്‍, കേട്ടിട്ടില്ല..
അതായത്, ദേവന്‍ പറഞ്ഞതായി എന്റെ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞുതന്ന ഒരു കഥ..

കഥ ഇതാണ് :
വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും ഒരിടത്ത് ജീവിച്ചുവന്ന ദമ്പതിമാരില്‍ ഭാര്യയെ പാമ്പ് കടിച്ചു.. പാമ്പ്‌ എന്ന് വെച്ചാല്‍ കൊടിയ വിഷമുള്ള പാമ്പ്.. വൈദ്യന്റെ അടുക്കല്‍ കൊണ്ടുപോകാന്‍ പോലും സമയം കിട്ടിയില്ല, അവള്‍ മരിച്ചുപോയി.. ഭര്‍ത്താവ് ആര്‍ത്തലച്ചു കരഞ്ഞു.. കുഞ്ഞുങ്ങളെയും ബന്ധുക്കളെയും, പിന്നെ സുഹൃത്തുക്കളെയും കെട്ടിപ്പിടിച്ചു അവളുടെ അപദാനങ്ങള്‍ വാഴ്ത്തിക്കൊണ്ട് കരഞ്ഞുകൊണ്ടേയിരുന്നു...

ഒടുവില്‍ അവളുടെ മൃതദേഹം കര്‍മങ്ങള്‍ക്ക് ശേഷം ചുടുകാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കമായി. പ്രിയപ്പെട്ടവളുടെ ശവശരീരത്തിനെ ആ സ്നേഹനിധിയായ ഭര്‍ത്താവ് അനുഗമിച്ചു.. അങ്ങനെ പോകുന്ന വഴിയില്‍ വലിയൊരു ആല്‍മരം ഉണ്ടായിരുന്നു.. ഒരു മുതുക്കന്‍ ആല്‍മരം.. അതിന്റെ വേരുകള്‍ മണ്ണിനു പുറത്തേക്ക് തള്ളിനിന്നിരുന്നു.. മൃതദേഹം വഹിച്ചിരുന്ന ഒരാള്‍ ആ വേരുകളില്‍ തട്ടി താഴെ വീണു.. അവരുടെ കൈയില്‍നിന്ന് ആ മൃതദേഹം മണ്ണിലേക്ക് വീണു.. മണ്ണില്‍ കിടന്ന മൃതദേഹം വീണ്ടും എടുക്കാനുള്ള ശ്രമത്തിനിടയില്‍ ഒരാള്‍ അല്‍ഭുതത്തോടെ അത് കണ്ടു.. മൃതദേഹത്തിന്റെ കണ്ണ് അല്പം തുറന്നിട്ടുണ്ടോ? ചെറുതായി ശ്വസിക്കുന്നുണ്ടോ? സംശയം തീര്‍ക്കാന്‍ അയാള്‍ കൈ മൂക്കിനടുത്തു പിടിച്ചുനോക്കി.. ശരിയാണല്ലോ... ശ്വസിക്കുന്നുണ്ട്.. എല്ലാവര്ക്കും അല്‍ഭുതമായി.. ഉടനെ തന്നെ വൈദ്യന്റെ അടുക്കല്‍ കൊണ്ടുപോയി.. അല്‍ഭുതകരമായി അവള്‍ ജീവിതത്തിലേക്കും അങ്ങനെ ദാമ്പത്യതിലേക്കും തിരിച്ചുവന്നു...

അവള്‍ വീണ്ടും പത്തിരുപതുകൊല്ലം സന്തോഷത്തോടെ അയാള്‍ക്കൊപ്പം ജീവിച്ചു..

പിന്നെ അവള്‍ ശരിക്കും മരിച്ചു... തലച്ചോറില്‍ പനി വന്നു മൂര്ച്ചിചിട്ടാണ് മരിച്ചത്. ജീവിതം അയാളെ കുറേക്കൂടി പാകപ്പെടുതിയിരുന്നതിനാലും കുറച്ചുനാള്‍ സുഖമില്ലാതെ കിടന്ന ശേഷമായിരുന്നു, ആ മരണമെന്നതിനാലും അയാള്‍ പണ്ടത്തെപോലെ നിലവിളി കൂട്ടിയില്ല.. ചടങ്ങുകള്‍ക്ക് ശേഷം രണ്ടാമതൊരിക്കല്‍ കൂടി അവളെ ചുടുകാട്ടിലെക്കെടുത്തു.. അയാള്‍ മുമ്പെപ്പോലെ അനുഗമിച്ചു...

ആ ആലിന്ചുവട്ടില് അവര്‍ എത്തി..

പിന്നില്‍നിന്നും അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു..: 'ശ്രദ്ധിക്കണേ.. ആ വേര് തട്ടി വീഴല്ലേ..'

Jul 21, 2008

ഡ്റോസീറാ


ആകാശത്തേക്ക് തുറക്കുന്ന
നിറമോലുമരുമയിതളുകള്‍..
മാദകമായ,
കണ്ടാല്‍ തൊട്ടുവിളിക്കുന്ന
സ്പര്‍ശിനികള്‍
ജന്മാന്തരങ്ങള്‍ തന്‍
അന്ധകാരത്തിലും
അഭൌമമായ് നിറയും സുഗന്ധം
ഇന്ദ്രിയങ്ങളടചാലും
ചുറ്റും നിറയുന്ന സാന്നിധ്യം
പ്രപഞ്ചം മുഴുവന്‍
നിറയുന്ന സാധ്യത..

ഒന്നു തൊട്ടുപോകും..
പിന്നെ..
ധമനികള്‍ പൊട്ടി
ചോരയൊലിച്ചു
മരണം കാത്തുകിടക്കാം ..

തിരസ്കൃതന് പ്രണയം
ഒരു ഡ്റോസീറാ പുഷ്പമാണ്..

(ഡ്റോസീറാ : ജീവികളെ തന്നിലെക്കകര്ഷിച്ചു പിടിച്ചു ചോരയൂറ്റി കൊന്നു തിന്നുന്ന ഒരു പുഷ്പം..)


Jul 12, 2008

പാനശാല


വരിക, യീ പാനശാലയിലേയ്ക്കു
ഇന്നു നിനക്കു ഞാനേകിടാമാതിഥ്യം
നുകരും വീഞ്ഞിനുപകാരം
ദുഖം നല്കി കണക്കുതീര്‍ക്കും
പാനശാലയിതതിവിചിത്രമല്ലേ
ഏറെ നാലായിതിന്നുടമ ഞാന്‍
അതിസമ്പന്നന്‍, ആരാലും
സ്നേഹിക്കപ്പെടുന്നവന്‍
മുനിഞ്ഞുകത്തുമരണ്ട വെട്ടത്തി-
ലിരുന്നോരല്‍പം കരഞ്ഞേച്ചു പോകാം
തെളിഞ്ഞു കത്തിടുമോര്‍മതന്നരുമ -
ച്ചെരാത് മെല്ലെക്കെടുത്തിയേ പോകാം..
വരിക, കാലമെന്നെയെല്പിച്ചോരീ
പാനശാലയില്‍ കാത്തിരിക്കുന്നു ഞാന്‍..
നിസ്സഹായതതന്‍ മെഴുതിരിവെട്ടമായ്
നിശ്വാസമുറയും പ്രണയസ്വപ്നങ്ങളായ്
വെറുതെ, വെറുതെയെന്നോര്‍ത്തു കരഞ്ഞിടും
കാലചക്രത്തിന്‍ ദൈന്യ ഞരക്കമായ്
ഒന്നുമില്ലായ്മ തന്നുണ്‍മയായ്
ഒരു വിശുദ്ധ പുഷ്പമായ്
വരിക, ഞാന്‍ കാതോര്‍ത്തിരിക്കുന്നു..

Jul 9, 2008

അമരത്വം


കാല്‍ക്കലും, തലയ്ക്കലുമല്ല,
എന്റെ കവിളോട് ചേര്‍ത്താണ്
മീസാന്‍കല്ല് നാട്ടേണ്ടത്..
അതില്‍ നിന്റെ നാമം
കൊത്തിവെക്കാന്‍ മറക്കരുത്..
ഹൃദയം പിഴിഞ്ഞ്
ഒരു തുള്ളി ചോര വീഴ്ത്തുക..
നിന്റെ നിശ്വാസം ഉറഞ്ഞതാണ്
ആ കല്ലെങ്കില്‍,
എനിക്ക് അമരത്വം..

Jul 7, 2008

പള്ളിയും ക്രിസ്തുവും പിന്നെ ജിബ്രാനും..


ജിബ്രാന്‍
എഴുതുന്നു...
പണ്ടു ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു... അയാള്‍ അത്രയ്ക്ക് സ്നേഹിക്കപ്പെടെണ്ടവന്‍ ആയിരുന്നതിനാലും അയാളുടെ ഉള്ളില്‍ അത്രയ്ക്ക് സ്നേഹം ഉണ്ടായിരുന്നതിനാലും നമ്മള്‍ അയാളെ ക്രൂശിച്ചു..
അയാളെ ഞാന്‍ ഇന്നലെ മൂന്നു വട്ടം കണ്ടു..
ആദ്യം കാണുമ്പോള്‍ ഒരു വേശ്യയെ ജയിലിലെക്കയയ്ക്കാന്‍ ഒരുമ്പെടുന്ന ഒരു പോലീസുകാരനെ അതില്‍നിന്നും പിന്തിരിപ്പിക്കുകയായിരുന്നു..
പിന്നീട് കാണുമ്പോള്‍ അയാള്‍ ഒരു അധസ്ഥിതനോട് ഒപ്പമിരുന്നു വീഞ്ഞ് കുടിക്കുകയായിരുന്നു...
അവസാന വട്ടം അയാളെ കാണുമ്പോള്‍ അയാള്‍ ഒരു പള്ളിയില്‍ പള്ളിയുടെ രക്ഷാധികാരിയുമായി മുഷ്ടി യുദ്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു..

Jul 2, 2008

വി.കെ.എന്‍. ഉണ്ടായിരുന്നെന്കില്‍...

ഈ ബ്ലോഗ്ഗിങ്ങിന്റെ പൂക്കാലത്ത് നമ്മുടെ 'പയ്യന്‍സ്' ഉണ്ടായിരുന്നെന്കില്‍ നമ്മളെ തിരുത്തുമായിരുന്നു: 'ബ്ലോഗ്ഗര്‍ അല്ല ശരി, ബ്ലോഗന്‍ എന്ന് പറയൂ..... പിന്നെ അഗ്രിഗേറ്റര്‍ അല്ല ശരി, അഗ്രെഗേടന്‍ ആണ് ശരി..' എന്നൊക്കെ .....
പൂം പയ്യന്‍സ് പോയത് വല്ലാത്ത അനാഥത്വം ഉണ്ടാക്കിയിട്ടുണ്ട് ... നീ പോകരുതായിരുന്നു പയ്യന്‍സ്...