Mar 30, 2011

കിണര്‍ കുഴിക്കുന്നവരോട്..

കിണര്‍ കുഴിക്കുന്നവരേ,
ചില ഉപദേശങ്ങള്‍ തരാം..
കിണര്‍ കുഴിക്കാന്‍ സ്ഥലം കണ്ട്
കുറ്റിയടിച്ച്
കപ്പിയുറപ്പിച്ചു
തടിച്ച കയറില്‍ പാട്ട കെട്ടിയിറക്കി
കുഴിയിലെ പാറയും കല്ലും ചെളിയും
കോരിക്കോരി മുകളിലെത്തിച്ചാല്‍,
കുഴിച്ചു കുഴിച്ചു പോയാല്‍ 
വെള്ളം കാണുമെന്നു
നിങ്ങള്‍ പറയും..
കുറ്റം പറയുന്നില്ല,
അതാണ്‌ നിങ്ങള്‍ പഠിച്ചത്..
എന്നാല്‍ അങ്ങിനെയല്ല,

കുഴിക്കുന്നവന്റെ ദാഹം കണ്ട്,
അവന്റെ കണ്ണിലെ വരള്‍ച്ച കണ്ട്,
വാഴ്വിലെ നീര് വറ്റുന്നത് കണ്ട്,
കരളിലെ പച്ചപ്പ്‌ വാടുന്നത് കണ്ട്,
ഹൃദയ താളത്തിന്‍ 
ഇടവേള കൂടുന്നതുകണ്ട്,
(അറിയുമോ, കനിവാണീ ഭൂമി)
നെഞ്ഞിനുള്ളില്‍ തിളയ്ക്കുന്ന
ലാവയ്ക്ക് മുകളിലൂടെ
സ്നേഹത്തിന്‍ തണുപ്പാര്‍ന്ന
ഒരു നീര്‍ച്ചാല് പറഞ്ഞയക്കും
കനിവാര്‍ന്ന ഭൂമി..
അവള്‍ക്കുള്ളിലോ,
എടുത്താലും കൊടുത്താലും 
തീരാത്ത നീര്‍ച്ചാലുകള്‍..

എന്നുവെച്ച്‌,
ദാഹമാര്‍ന്ന കണ്ണുകളുമായ്
വെയിലില്‍ വാടും പച്ചപ്പ്‌ പേറും
കരളുമായ്‌,
മോഹിച്ച്‌ മോഹിച്ച്‌ 
ഒരു മനസ്സില്‍ കുഴിച്ചുനോക്കൂ,
വെള്ളം തിരഞ്ഞു നോക്കൂ,
അവള്‍ പറഞ്ഞയക്കും,
കരളുരുക്കും ലാവതന്‍ 
പ്രവാഹത്തെ,
നിങ്ങളെ മാത്രമല്ല,
നിങ്ങളിലേക്കുള്ള വഴികളെപ്പോലും 
ഉരുക്കിക്കളയും..

മണ്ണില്‍ കുഴിച്ചാലും
മനസ്സില്‍ കുഴിക്കരുത്‌..

Mar 21, 2011

സങ്കടത്തിന്റെ നിറം

സങ്കടം വരും
ജന്മത്തിന്‍ പളുങ്കുപാത്രം നിറയെ,
അറിയുമോ നിനക്ക്,
കട്ടച്ചോരയുടെ നിറമാണ്, പിന്നെ, 
വീഞ്ഞിന്റെ മണവും ലഹരിയും..
കണ്ണുനീരിന്‍ നിറമില്ലായ്മയല്ല,
ഉച്ചവെയിലിന്‍ മൂര്‍ച്ചയില്‍ 
തിളച്ചു തിളച്ചു തിളച്ച്
കുറുകിക്കുറുകി വറ്റും
വെറുമൊരു പാടയായി,
പിന്നെ, എനിക്കറിയില്ല,
എപ്പോഴാണ് ആ നേര്‍ത്ത പാട
എന്റെ ഹൃദയച്ചുവപ്പാകുന്നത്?
വാഴ്വിന്‍ മീതെയല്ല,
ഉള്‍ത്തൊലിയായ്‌ മാറും..
ഞരമ്പുകള്‍ ഉള്ളില്‍ പടരും, പിണയും..
ചുവപ്പ്, ലഹരി, മണം
അത് എന്നിലുണ്ട്..
നോക്കൂ, അതെന്നിലുണ്ട്..
നോക്കാതെ പോകുന്നവളെ,
നിന്റെ തലയില്‍ 
ഇടിത്തീ വീഴട്ടെ..
നിന്റെ സങ്കടത്തിനു
വെറും കണ്ണുനീരിന്റെ
നിറമില്ലായ്മയാകട്ടെ..