Dec 21, 2010

ചുഴിയില്‍ പെടുന്നവന്റെ ഗീതം

മഞ്ഞാണ്,
വാനില്‍ തിളങ്ങും പൊന്നാണ്‌,
വായുവില്‍, മഞ്ഞിന്റെ മൂടലില്‍,
ചാലിക്കുന്നത്‌ ചന്ദനമാണ്..
ജീവിതത്തിന്നിപ്പുറം 
ഓര്‍മ തന്‍ കിളിവാതിലും
തുറക്കാതെ,
വരും നിമിഷത്തിന്‍ 
വിഹ്വലമാം നോട്ടത്തിനു
കാത്തിരിക്കാതെ,
ഞാനൊന്നിരുന്നോട്ടെ...

വിരലുകള്‍ക്കിടയിലൂടെ
ഊര്‍ന്നുപോയ ജീവിതത്തരികള്‍
ആരേതു കാന്തത്താല്‍
വലിച്ചുകൊണ്ടുപോയ്!
പൊള്ളയാം കിനാക്കള്‍ തന്‍ 
തുള വീണ വഞ്ചിയില്‍ 
പങ്കായമില്ലാതെയലയുമ്പോഴും
ആരേതു കൈകളാല്‍ 
കാത്തതീ ജന്മത്തിന്‍ 
അണയാത്തിരികളെ!!
ഓര്‍മയില്ലൊന്നും, 
കനവിന്റെ കടവിലും, 
പിന്നെയീ  നോവിന്റെ വാനിലും 
എരിയുന്ന നെഞ്ചിലും 
കടയുന്ന ചങ്കിലും
പൊട്ടിപ്പരക്കുന്ന  ചോര തന്‍ 
സിന്ദൂര മേഘങ്ങള്‍  വാഴുന്ന 
വാഴ്വിന്റെ ചക്രവാളത്തിലും
തളര്‍ന്നു പറക്കുന്നൊരൊറ്റക്കിളിയുടെ 
ചിറകടിയൊച്ച തന്‍ രോദനം 
നേര്‍ത്തു നേര്‍ത്തു പോകുമ്പോഴും
ആരിങ്ങനെ മൊഴിയുന്നു,
ഒരു ജന്മം വെറും നിമിഷങ്ങള്‍ തന്‍ 
ആരോഹണമല്ല,  പിന്നെയോ,
നീ വാഴ്വിന്റെ കനവാണ്
നിന്റെ ചങ്ക് പൊളിയും രക്തം
നിന്റെ നെഞ്ചിലെ നീറ്റല്‍,
ഏകാന്തത തന്‍ തുരുത്തും കടന്നു
നീ കാണും മായത്തുരുത്തുകള്‍
ഈ ചുഴിയും കടന്നു നീ പോകും
ഈ ചുഴിയും കടന്നു നീ പോകും..
ഈ കടലിന്റെ നീലയില്‍ 
നീ ഘനീഭവിച്ചു കിടക്കും,
ഈ ചക്രവാളത്തില്‍ നീ 
മഴവില്ല് വിരിക്കും..

മഞ്ഞാണ്, നിലാവാണ്‌,
ഞാനൊന്നിരുന്നോട്ടെ..

Dec 17, 2010

ഈ തുരുത്തിനപ്പുറം..











ഏകാന്തത ഒരു തുരുത്താണെന്നു
പറഞ്ഞ കവിയാണ്‌ പ്രതി..

ഒരു തുരുത്തില്‍
കാലൂന്നി നില്‍ക്കാന്‍ മണ്ണും
(ചിലപ്പോള്‍ മരങ്ങളും)
നാലുപാടും അലയിളക്കും
കണ്ണെത്താ വെള്ളവും
അലകളുടെ നേര്ത്തതാം
ചിലങ്ക തന്നൊലിയും
സീല്‍ക്കാരവും...

ഈ തുരുത്തില്‍ നീ
എകനാവില്ല..
നീ കള്ളം പറയുന്നു..

കാലൂന്നി നില്‍ക്കാന്‍ ഒരു തരി
മണ്ണില്ലാതെ,
അല തന്‍ താരാട്ടും
നീല ജലത്തിന്‍
തണുപ്പാര്‍ന്ന
സ്നേഹവുമില്ലാതെ,
സമയത്തിന്‍ നാലാമളവും
ചേര്‍ക്കാതെ,
ഇരുട്ടില്‍  - ഒന്നുമില്ലായ്മയുടെ
ഇരുട്ടിന്നിടനാഴിയില്‍
കാണാത്ത ചുഴിയില്‍,
കൈയെറിഞ്ഞു, കാലിളക്കി
നീന്താതെ നീന്തി,
(ഈ ഇരുട്ടില്‍
ഒരു നക്ഷത്രക്കണ്ണ്‍
തിരയാനും നിനക്കാവില്ല)
ഉണ്മയും ഇല്ലായ്മയും
ഏതെന്നുമേതെന്നും
ചോദ്യക്കൊളുത്തെറിയാതെ,
ഉണ്ടെന്നറിയുവാന്‍
ഒന്ന് നുള്ളിനോക്കാനും
മറന്നു നില്‍ക്കുമ്പോള്‍,

 ഏകാന്തത ഒരു തുരുത്താണെന്നു
പറഞ്ഞ കവിയാണ്‌ പ്രതി..

Dec 14, 2010

പ്രസവവേദന (ജന്മത്തിന്റെ വിഹ്വലതകള്‍ എന്നും)











സത്യം,
ഞാനെത്ര ശ്രമിച്ചെന്നോ,
എനിക്ക് കഴിഞ്ഞില്ല,
എന്നെ പ്രസവിക്കുവാന്‍..

കല്യാണം കഴിച്ച പെണ്ണ് 
ഒരു പൊതിയുമായി  വന്ന്
ഇതാ പിറന്നാള്‍ സമ്മാനമെന്നോതവേ
അരുതാത്തതെന്തോ കേട്ട പോല്‍  ഞെട്ടി ഞാന്‍,
ഇനിയിതും ഞാന്‍ പറഞ്ഞറിയണോ?

പിന്നൊരു നാള്‍ മകന്‍ 
ഒരു കുറിപ്പുമായി വന്നു,
ഒരു പിറന്നാള്‍ കേക്ക് വേണം,
ഒന്‍പതു മെഴുകു തിരികള്‍,
പായസത്തിന്‍ കുറിപ്പടി,
പുത്തന്‍ കുപ്പായം..
ഞെട്ടിയറിഞ്ഞു ഞാന്‍,
അവനും ജനിച്ചിരിക്കുന്നു...

എനിക്കൊരു പിറന്നാള്‍ സമ്മാനം വേണം,
നെഞ്ചില്‍ ചേര്‍ന്ന് കൊണ്ടവള്‍ ചൊല്ലി,
അതിനെടീ, നീയെന്നു ജനിച്ചു, 
ഞാനറിഞ്ഞില്ലല്ലോ,
ഓ! ജനിക്കാത്തവന്റെ സമ്മാനം 
എനിക്ക് വേണ്ടെന്നവളുടെ പരിഭവം!!

ഇനിയും ഞാന്‍ ജനിച്ചില്ലെങ്കില്‍
കുഴപ്പം തന്നെയെന്നറിഞ്ഞു ഞാന്‍..

ചിത്ത രോഗാശുപത്രിയിലെ 
കരുണാമയനായ ഡോക്ടറേ,
 സത്യമാണ്,
വിശ്വസിക്കണം,
മറ്റാരും വിശ്വസിക്കുന്നില്ല,
നിങ്ങളെങ്കിലും...
ഞാന്‍ ജനിച്ചു..
പേര് ബുദ്ധന്‍, നാള്..
ഇനി ഗസറ്റിലെന്‍
പേര് തിരുത്താന്‍ കൊടുക്കണം...

Dec 9, 2010

ഉടഞ്ഞു ചിതറാന്‍ ഒരു ലോകം











വെറുതെ,
വെറുതെയിരുന്നപ്പോള്‍,
മനസ്സിലൊരായിരം കുളമ്പടിയൊച്ചകള്‍..
കാല്‍ചിലമ്പൊലികള്‍, 
വാള്‍ത്തല നാദങ്ങള്‍,
നീല നയനങ്ങള്‍, 
കൈതപ്പൂ മണങ്ങള്‍..
നിഗൂഡമാം 
ഇരുണ്ട ഭൂഖണ്ഡങ്ങള്‍..
കാമ്യമാം സുഗന്ധമൂറും
നിമിഷ ശതങ്ങള്‍..
അജ്ഞാതാമാം 
സന്തോഷ സുമങ്ങള്‍, 
എന്തിനെന്നറിയാത്ത 
കണ്ണീര്‍ക്കണങ്ങള്‍..
പിന്നെയോര്‍ത്തു, 
ഒരു സൂചി കുത്തുംപോലെ,
അല്ലെങ്കിലതിലും നേര്‍ത്ത്
മരണമെന്ന നിമിഷാര്‍ദ്ധം
തച്ചുടയ്ക്കുമിതെല്ലാം..
അല്ലെങ്കിലൊരു മറവിരോഗിയായ്
നിര്‍മമനായ് 
രംഗമൊടുങ്ങുവോളം...
പിന്നെയീ ലോകത്തിലെന്‍
ലോകമില്ല, 
അല്ല, പൊട്ടു ലോകങ്ങളായ്
പുലര്‍ന്നിടും ഞാന്‍
നിന്നുള്ളില്‍, 
പിന്നെയൊരായിരം
അജ്ഞാതാമാം നിനവുകളില്‍,
ഉടഞ്ഞു ചിതറാന്‍
ഒരു ലോകം കാത്തു വെക്കും
പാവമീ നരന്‍
എന്തിനു വെറുതെയീ
പാസ് വേര്‍ഡുകള്‍
ഓര്‍ത്തു വെക്കുന്നു സദാ???