Dec 25, 2011

പിന്‍കാഴ്ച കണ്ണാടിയിലെ ജീവിതം..
സത്യം!!
മുന്‍ കാഴ്ച സത്യവും
പിന്‍ കാഴ്ച  മിഥ്യയും..
നേര്‍ക്കാഴ്ചയ്ക്ക് കണ്ണും
പിന്‍ കാഴ്ച്ചയ്ക്കൊരു  കണ്ണാടിയും..
പക്ഷെ, സത്യം തന്നെയാണോ?
ഒരു അങ്കലാപ്പ് ബാക്കിയാണ്..
--------------
പണ്ട് പണ്ട്..
ഒരു സൈക്കിള്‍ ഉണ്ടായിരുന്നു..
ആ സൈക്കിളില്‍ ഒരു ഞാനും
ആ സൈക്കിളിലൊരു
പിന്‍ കാഴ്ച കണ്ണാടിയും..
നേര്‍ക്കാഴ്ച മടുത്തിട്ടോ, എന്തോ,
കണ്ണാടിയിലെ പിന്‍ കാഴ്ചയ്ക്ക്
മനസ്സിലേക്കുള്ള കുറുക്കുവഴി
മന:പാഠമായിരുന്നു..
വഴിയും പുഴയും മഴയും
പൂവും പാലവും പാടവും
ഉദയവു, മസ്തമയവും
പകലും പാതിരയും
മഞ്ഞും നിലാവും
എന്നു വേണ്ട, നീയും
പിന്കാഴ്ച കണ്ണാടിയിലെ
സത്യങ്ങള്‍ ..
കണ്‍ മുന്‍പിലെ നിന്നെ കാണാതെ
കണ്ണാടിയിലെ നിന്നെ
ഇമവെട്ടാതെ
നോക്കിനിന്നു..
എന്നെ കാണാതെ പോയ നീ
തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത്
കണ്ണാടിയിലൂടെ കണ്ടു ഞാന്‍
പൂത്ത കുന്നുകളില്‍ പെയ്യും
സുഗന്ധ മഴയായ് മാറിയതും സത്യം..
നീ തിരിഞ്ഞു നേരെ നോക്കിയപ്പോള്‍,
എനിയ്ക്ക് ഒരു കണ്ണാടി വേണ്ടി വന്നു..
പക്ഷെ, എന്തേ നീയെന്റെ കണ്ണില്,
ഞാന്‍ നിന്റെ കണ്ണില്‍,  നേരെ നോക്കിയില്ല?
കണ്ണോ, കാഴ്ചയോ സത്യം?
------------------
ഇരുട്ടില്‍  ഞാന്‍ തിരയുന്ന
പിന്കാഴ്ച കണ്ണാടിയില്‍
അന്നേ എഴുതിയിരുന്നതും
ഞാന്‍ കാണാതെ പോയതും
ഈ മുന്നറിയിപ്പു വാക്കുകള്‍ :
'കണ്ണാടിയില്‍ കാണുന്നതെല്ലാം
നിങ്ങള്‍ കരുതുന്നതിനെക്കാള്‍
അടുത്താ, ണരികിലാ, ണോര്‍ക്കുക'
എങ്കിലും,
നിറമില്ലായ്മയെ ഏഴും എഴുപതും
ഏഴായിരവും നിറങ്ങളാക്കുന്ന
സ്ഫടികത്തുണ്ടും തിരയുന്നുണ്ട് ഞാന്‍..
ജീവിക്കാന്‍, മരണമെത്തുവോളം
ജീവിക്കാന്‍, നേര്‍ക്കാഴ്ചയ്ക്കൊരു ജോഡി
കണ്ണു പോര, പിന്നെയോ,
പിന്‍ കാഴ്ച്ചയ്ക്കൊരു കണ്ണാടിയും,
വാര്‍ന്നു വീഴും വെളിച്ചത്തെ
മഴവില്ലഴകായ് മാറ്റുമൊരു ചില്ലു കഷണവും..

2 comments:

  1. വാര്‍ന്നു വീഴും വെളിച്ചത്തെ
    മഴവില്ലഴകായ് മാറ്റുമൊരു ചില്ലു കഷണവും..

    nice

    ReplyDelete
  2. എല്ലാവരും അങ്ങനെയാണ് കണ്മുന്നില്‍ കാ‍ണുന്നതിനെക്കാള്‍ കൂടുതല്‍ കണ്ണാ‍ടിയില്‍ കാണുന്നതിനെ വിശ്വസിക്കുന്നു.....

    ReplyDelete