Jun 18, 2011

ഓര്‍മച്ചില്ലയിലെ ഉമ്മപ്പഴം

പലതും മറന്നുപോകുന്നതാണ്
അസുഖമെന്നു പറഞ്ഞപ്പോള്‍,
ഡോക്ടര്‍ ചിരിച്ചു,
കൂടെ പഠിച്ച രജനിയാണത്രെ,
അവള്‍..
*          *            *          *

വരച്ച വരകളും, നട്ട മരങ്ങളും,
നിര്‍മിതികളും, വഴികളും
മായ്ക്കാന്‍ വരുന്ന 
സുനാമിത്തിരകളാണോര്‍മകള്‍.
വിലങ്ങനെ / കുറുങ്ങനെ /
തെന്നിത്തെന്നി / വളഞ്ഞു തിരിഞ്ഞു /
ചാടിച്ചാടി ...
എങ്ങിനെയോടിയാലും 
രക്ഷപ്പെടില്ല, പിടികൂടും..
തീരത്തെ തരിശാക്കി,
(നനവ്‌ മാത്രം ബാക്കിയാക്കി)
തിരകള്‍ മടങ്ങും..
പിന്നെയും തീരത്തിരിക്കും..
കാത്തിരുന്നില്ലെങ്കിലും തിരകള്‍ വരും..
പിന്നെയും, പിന്നെയും, പിന്നെ,
പിന്നെയും..
*       *        *         *         *

ഉറക്കമുണരുമ്പോള്‍, 
തിരയടങ്ങിയിരിക്കുന്നു.
ഏകാദശി നോല്‍ക്കാത്ത 
കള്ളനായ, കപടനായ 
രണ്ടാമത്തെ കാക്കയെപ്പോലെ,
കാത്തിരുന്നു നോക്കി..
ഇല്ല, തിരയടങ്ങിയിരിക്കുന്നു..
കടലിലേക്ക്‌ നടന്നുനോക്കി..
തിരകള്‍ വലിഞ്ഞു വലിഞ്ഞു പോകുന്നു..
പിടിതരാതെ പോകുന്നു..
എണ്ണയിട്ട കള്ളനെപ്പോലെ
വഴുതി വഴുതിപ്പോകുന്നു..
ഇനിയൊരു വിരല്‍ത്തുമ്പു താ,
ഞാനൊന്ന് തിരിച്ചു കയറട്ടെ..
*            *                 *                 *

കിതച്ച്‌, വിയര്‍ത്ത്, വിറച്ച്,
ഞാനിരുന്നു..
ചേര്‍ത്ത് പിടിച്ച്, 
നെറ്റിയില്‍ 
ഡോക്ടറുടെ ഒരുമ്മ..
'ഇനി പുതിയ ഓര്‍മ്മകള്‍ 
തുടങ്ങട്ടെ' യെന്ന്..

ഓര്‍മച്ചില്ലകളില്‍
ഇങ്ങനെയൊരുമ്മപ്പഴം
തിരഞ്ഞു ഞാനിരുന്നു...

May 25, 2011

അഴിമുഖത്തെ ലോറ

ലോറ, 
നേരമുണ്ടെങ്കില്‍, അഴിമുഖത്ത് നില്‍ക്കാം..
ഒരു കണ്‍വെയര്‍ ബെല്‍ട്ടിലെന്ന പോല്‍ 
പുഴയിലൂടെ വരുന്നത് കണ്ടോ,
പാതി കരിഞ്ഞ മരത്തടികള്‍,
ചത്ത പെരുമ്പാമ്പ്‌ ഒരെണ്ണം ,
ഒറ്റച്ചെരുപ്പുകള്‍ ..
പുഴയുടെ തള്ളലിനെയും കടന്നു 
കടലിന്റെ തലോടലുകള്‍,
ഓരോ തിരയും വലിയുമ്പോള്‍
തങ്ങള്‍ക്കെന്തെങ്കിലുമെന്നു  നിനച്ചു  
ഇറങ്ങിവരുന്ന കറുത്ത പക്ഷികള്‍..
ലോറ, അവ കാക്കകളല്ല..
 
അഴിമുഖത്ത്
പുഴ / കടല്‍ വേഴ്ച കണ്ടു
കണ്ടുമടുത്തു വൈരാഗികളായ
വൃദ്ധ ശിലകളെ നീ കണ്ടോ?
കഴിഞ്ഞ വേലിയേറ്റത്തിന്റെ
നനവ്‌ ചുളിവുകളില്‍ അവ പേറുന്നുണ്ട്
നനഞ്ഞ വായുവെന്നു നീ
ചിരിക്കുകയാണോ?

കെട്ടഴിഞ്ഞ മുടി പറത്തി
നീള്‍, നീലക്കണ്ണില്‍ ചിരിച്ച്
കടല്‍ക്കാറ്റെടുക്കാത്ത
ഇലഞ്ഞിപ്പൂമണത്തില്‍
ലോറ, നീ നില്‍ക്കുമ്പോള്‍,
എനിക്ക് മാത്രമറിയുന്നൊരിടം
നിനക്ക് മാത്രം കാട്ടിത്തരാം..

നനഞ്ഞ വായുവില്‍,
നനഞ്ഞ,
വൃദ്ധ ശിലകള്‍ക്ക്‌ നടുവില്‍,
നനഞ്ഞ മണലിലൊരിടം
ലോറ, നീ കണ്ടോ..
അവിടെ നിനക്കൊരുമ്മ
ഞാന്‍ കാത്തു വെച്ചിട്ടുണ്ട്..
പകരം,
നിന്റെ കോമ്പല്ലുകള്‍
എന്റെ കഴുത്തിലാഴ്ത്തുക..
നനഞ്ഞ,
വെള്ള മണലില്‍,
എന്റെ വിളര്‍ച്ച
ആരും
തിരിച്ചറിഞ്ഞേക്കില്ല..
 

May 19, 2011

മനുഷ്യര്‍ പാര്‍ക്കുമിടങ്ങള്‍














അഹംഭാവത്തിനു ഒരു അതിര് വേണ്ടേ?
ചൊവ്വയിലും ചന്ദ്രനിലും പോയി
വെള്ളവും ജീവനും തിരയുന്നു!!
അവിടെ മണ്ണില്‍ നനവുണ്ടത്രേ..
അവിടെ നീര്‍ച്ചാലുകള്‍ കണ്ടത്രെ..
അതുകൊണ്ട് ജീവന് സാധ്യതയുണ്ടത്രേ
ഇനി,
എനിക്കുത്തരം തരൂ..
കൊഞ്ഞനം കുത്താതെ..
ഇവിടെ, ഭൂമിയില്‍,
മനുഷ്യര്‍ പാര്‍ക്കുമിടങ്ങള്‍
ഒക്കെ നിങ്ങള്‍ കണ്ടെത്തിയോ?

ചരടുകളെല്ലാം അറ്റുപോയും,
കണ്ണില്‍ കനല്‍ ബാക്കി വെച്ചും,
ഒരു മരുപ്പച്ച പോലും കാണാതെ,
നടന്നും (ഇഴഞ്ഞും),
കരയാതെ കണ്ണുനീര്‍ വറ്റിയും,  
വാഴ്വിന്റെ വിയര്‍പ്പൂ നീരൂറി
മുറിവുകളില്‍ എരിവേറ്റിയും 
മുള്ളിന്‍ കിരീടം വകഞ്ഞുവെച്ച
ചോരച്ചാലില്‍ കണ്ണ് മങ്ങിയും,
കുടഞ്ഞെറിയുമോര്‍മതന്‍  
മുള്‍പ്പടര്‍പ്പോടു തെല്ലു കലഹിച്ചും,
പിന്നെയും വീഴാതെയും,
(നിങ്ങള്‍ കാണുന്നുണ്ടോ?) 
വീഴാതെയും !!
ഒരാള്‍ പോകുന്നുണ്ട്..

അയാള്‍ പാര്‍ക്കുമിടം,
എനിക്കറിയാം..
അഹങ്കാരികളെ,  
നിങ്ങള്‍ക്കറിയുമോ?

May 2, 2011

മുറിവുകള്‍













മുറിവുകള്‍,
ചോരയൊലിച്ചും തോല് വകഞ്ഞു-
മിറച്ചി തെറിച്ചും മുറിവുകള്‍,
ആകാശത്തിന്‍ ചെരിവില്‍,
അസ്തമനത്തിന്‍ മുറിവുകള്‍, 
പൊട്ടിയൊലിച്ച് പുളച്ചു മദിച്ചു വരും
നാടന്‍ തോട്ടിലെ 
നില്ക്കാ മഴ തന്‍ മുറിവുകള്‍,
പെയ്യാ മഴയുടെ വരവും കാത്തി-
ട്ടകമേ വിങ്ങും കിളിയുടെ പാട്ടില്‍ 
സൂചി നിറച്ചു തറഞ്ഞൊരു
മണ്ണിന്‍ മുറിവുകള്‍,
കൂടെയൊരാളെ പരതി, പ്പരതി,
കണ്ണ് കഴച്ച്
കണ്ണീര്‍ച്ചാലില്‍ തോല് കുഴിഞ്ഞ്
കണ്ണീര്‍ നീറും
വാഴ്വിന്‍ മുറിവുകള്‍,
കൈയില്‍, പുണരും കൈയില്‍,
ചുണ്ടില്‍, കണ്ണില്‍,
കവിളില്‍, കള്ളിച്ചെടിയുടെ
മുള്ള് നിറച്ചു പുണര്‍ന്നൊരു
വള്ളി ച്ചെടിതന്‍ 
പരിഹാസത്തിന്‍ മുറിവുകള്‍,

ഒന്നറിയാമോ, 
കണ്ണില്‍ നിന്നുതിരും
സങ്കടനീരില്‍, 
ജന്മം പണിയാന്‍
കാണാ ഗ്രന്ഥികളൊഴുക്കും
വിയര്‍പ്പിന്‍ നീരില്‍,
ഉപ്പിന്‍ തരികള്‍,
ചോരയൊലിക്കും മുറിവില്‍
തേയ്ക്കാന്‍, 
ഉപ്പിന്നെരിവില്‍, ചൂടില്‍,
ഒറ്റയ്ക്ക് തുഴഞ്ഞേ പോകാം,
പേരറിയാത്ത  മരുന്നല്ല,
എല്ലാ മുറിവുമുണക്കും
കറുത്ത മരുന്നിനു 
നിന്നെക്കിട്ടും..

Mar 30, 2011

കിണര്‍ കുഴിക്കുന്നവരോട്..

കിണര്‍ കുഴിക്കുന്നവരേ,
ചില ഉപദേശങ്ങള്‍ തരാം..
കിണര്‍ കുഴിക്കാന്‍ സ്ഥലം കണ്ട്
കുറ്റിയടിച്ച്
കപ്പിയുറപ്പിച്ചു
തടിച്ച കയറില്‍ പാട്ട കെട്ടിയിറക്കി
കുഴിയിലെ പാറയും കല്ലും ചെളിയും
കോരിക്കോരി മുകളിലെത്തിച്ചാല്‍,
കുഴിച്ചു കുഴിച്ചു പോയാല്‍ 
വെള്ളം കാണുമെന്നു
നിങ്ങള്‍ പറയും..
കുറ്റം പറയുന്നില്ല,
അതാണ്‌ നിങ്ങള്‍ പഠിച്ചത്..
എന്നാല്‍ അങ്ങിനെയല്ല,

കുഴിക്കുന്നവന്റെ ദാഹം കണ്ട്,
അവന്റെ കണ്ണിലെ വരള്‍ച്ച കണ്ട്,
വാഴ്വിലെ നീര് വറ്റുന്നത് കണ്ട്,
കരളിലെ പച്ചപ്പ്‌ വാടുന്നത് കണ്ട്,
ഹൃദയ താളത്തിന്‍ 
ഇടവേള കൂടുന്നതുകണ്ട്,
(അറിയുമോ, കനിവാണീ ഭൂമി)
നെഞ്ഞിനുള്ളില്‍ തിളയ്ക്കുന്ന
ലാവയ്ക്ക് മുകളിലൂടെ
സ്നേഹത്തിന്‍ തണുപ്പാര്‍ന്ന
ഒരു നീര്‍ച്ചാല് പറഞ്ഞയക്കും
കനിവാര്‍ന്ന ഭൂമി..
അവള്‍ക്കുള്ളിലോ,
എടുത്താലും കൊടുത്താലും 
തീരാത്ത നീര്‍ച്ചാലുകള്‍..

എന്നുവെച്ച്‌,
ദാഹമാര്‍ന്ന കണ്ണുകളുമായ്
വെയിലില്‍ വാടും പച്ചപ്പ്‌ പേറും
കരളുമായ്‌,
മോഹിച്ച്‌ മോഹിച്ച്‌ 
ഒരു മനസ്സില്‍ കുഴിച്ചുനോക്കൂ,
വെള്ളം തിരഞ്ഞു നോക്കൂ,
അവള്‍ പറഞ്ഞയക്കും,
കരളുരുക്കും ലാവതന്‍ 
പ്രവാഹത്തെ,
നിങ്ങളെ മാത്രമല്ല,
നിങ്ങളിലേക്കുള്ള വഴികളെപ്പോലും 
ഉരുക്കിക്കളയും..

മണ്ണില്‍ കുഴിച്ചാലും
മനസ്സില്‍ കുഴിക്കരുത്‌..

Mar 21, 2011

സങ്കടത്തിന്റെ നിറം

സങ്കടം വരും
ജന്മത്തിന്‍ പളുങ്കുപാത്രം നിറയെ,
അറിയുമോ നിനക്ക്,
കട്ടച്ചോരയുടെ നിറമാണ്, പിന്നെ, 
വീഞ്ഞിന്റെ മണവും ലഹരിയും..
കണ്ണുനീരിന്‍ നിറമില്ലായ്മയല്ല,
ഉച്ചവെയിലിന്‍ മൂര്‍ച്ചയില്‍ 
തിളച്ചു തിളച്ചു തിളച്ച്
കുറുകിക്കുറുകി വറ്റും
വെറുമൊരു പാടയായി,
പിന്നെ, എനിക്കറിയില്ല,
എപ്പോഴാണ് ആ നേര്‍ത്ത പാട
എന്റെ ഹൃദയച്ചുവപ്പാകുന്നത്?
വാഴ്വിന്‍ മീതെയല്ല,
ഉള്‍ത്തൊലിയായ്‌ മാറും..
ഞരമ്പുകള്‍ ഉള്ളില്‍ പടരും, പിണയും..
ചുവപ്പ്, ലഹരി, മണം
അത് എന്നിലുണ്ട്..
നോക്കൂ, അതെന്നിലുണ്ട്..
നോക്കാതെ പോകുന്നവളെ,
നിന്റെ തലയില്‍ 
ഇടിത്തീ വീഴട്ടെ..
നിന്റെ സങ്കടത്തിനു
വെറും കണ്ണുനീരിന്റെ
നിറമില്ലായ്മയാകട്ടെ..

Feb 19, 2011

ഞാന്‍

നേരം വൈകി..
ഈരണ്ടു പടികള്‍ ഒന്നായി കയറി 
പോവുകയാണ് ഞാന്‍..
വെളിച്ചം കുറഞ്ഞ ഇടനാഴി..
മീശ കുരുത്തു വരുന്ന വെളുത്ത പയ്യന്‍
ചെവിയില്‍ ഫോണ്‍ വെച്ച് സംസാരിക്കുന്നു..
തെളിഞ്ഞ കണ്ണുകളില്‍ ചിരി 
ഇളം ചുണ്ടുകളില്‍ ചിരി
മുഖം നിറയെ ചിരി 
മനം നിറയെ ചിരി
ചിരി മനം തുളുമ്പി 
തുളുമ്പി വീണൊഴുകുന്നു..
ഇടനാഴിയില്‍ വെളിച്ചം നിറയുന്നു..
ഒട്ടും നേരമില്ലെങ്കിലും, 
എന്താണിതെന്നോര്‍ത്തു ഞാന്‍..
തെളിഞ്ഞ, ചിരിക്കുന്ന, കണ്ണുകളിലൂടെ 
ഞാനൊന്ന് പോയി നോക്കി..
നീലാകാശം, കരിനീല ചുഴികള്‍,
ചെമ്മണ്‍ പാതകള്‍,
മഴത്തുള്ളി കനമേറ്റും
വഴിയോരപ്പച്ചകള്‍..
സ്വര്‍ണപ്പാടങ്ങള്‍, ഇടയിലെ 
പച്ചപ്പിന്‍ വരമ്പുകള്‍..
കടലലകള്‍ തന്‍ സീല്‍ക്കാരം,
പുതുമഴ തന്‍ മാദക ഗന്ധം,
പിന്നെയെന്തൊക്കെ..
ഹോ!!  ഞാന്‍ തല വലിച്ചു..
പിന്നെയൊന്നേ നോക്കിയുള്ളൂ..
ഇല്ലാത്ത നേരത്ത് ഞാന്‍ 
ഇല്ലാത്ത  നേരം കളഞ്ഞു..
അത് 
ഞാനായിരുന്നെടോ..