Sep 18, 2008

നോട്ടം


ഞാന്‍ നടന്നു പോകുകയും
അവള്‍ നടന്നു വരികയുമായിരുന്നു
അകലെ വെച്ചു തന്നെ അവള്‍ എന്നെ കണ്ടുവെന്ന്
എനിക്കറിയാം
ആ കണ്‍നോട്ടം എന്നിലാണെന്ന് തിരിച്ചറിയാവുന്ന
ദൂരത്തെത്തിയപ്പോള്‍
അവളുടെ കൃഷ്ണമണികള്‍ മേലോട്ട് മറിഞ്ഞു
എനിക്കറിയാം, അവള്‍ മോഹാലസ്യപ്പെട്ടതല്ലെന്ന്
അവള്‍ മറ്റേതൊരു പെണ്ണിനേയും പോലെ
ആകാശത്തേക്ക് നോക്കിയതായിരുന്നു..
(നേരെ നോക്കുന്ന ഒരു പെണ്ണിനെ കണ്ടിട്ട് എത്ര നാളായി!)

അങ്ങനെ നോക്കുന്നത്
എന്നെ നോക്കാതിരിക്കാനാനെന്നും
അങ്ങനെ നോക്കുമ്പോള്‍
എന്നെ മാത്രമെ കാണുന്നുള്ളൂ എന്നും
ആകാശം അവള്‍ കാണുന്നില്ലെന്നും
എനിക്കറിയാം..
പൊടുന്നനെ, എനിക്കൊരാശ..
അവള്‍ കാണാത്ത ആകാശം
എനിക്ക് കാണണം..
ഞാന്‍ ആ വലിയ കണ്ണുകളിലേക്കു നോക്കി..

Aug 8, 2008

നീയും നിലാവും...

നല്ല തണുപ്പുള്ള, നിലാവുള്ള രാത്രി... കുളിയൊക്കെ കഴിഞ്ഞു വരാന്തയിലെ വിളക്കണച്ചു ഒറ്റയ്ക്കിരിക്കൂ.. ഈ ലോകത്ത് എല്ലാവരും ഉറങ്ങട്ടെ, നമുക്കു ഉറങ്ങാതിരിക്കാം.. കൂട്ടിനു ഈ പാട്ടും പിന്നെ ഒരല്പം മധുവും...

Aug 2, 2008

ബുഫേ

അതേയ്.. ഇവിടെ..
കുറച്ചുകൂടി ജീവിതം വിളമ്പിയെക്കൂ ..
എന്തൊരു വിശപ്പ്‌!
സ്വപ്നങ്ങളുടെ ആ കൂട്ടുകറി,
കണ്ണീര് കൊണ്ടൊരു ഓലനും..
അസ്സലായിട്ടുണ്ട്..
കയ്പതോരന്‍ ഒട്ടും മുഷിയില്ല..
(ആരാണാവോ വെപ്പ്?)
ഒക്കെ കുറച്ചുകൂടി ആയിക്കോട്ടെ ..

ഏയ്! ഇവിടെ!

നിങ്ങള്ക്ക് തെറ്റിയെന്നെ..
എത്രയേറിയാലും ദഹിച്ചോളും..
അതിനേ, ഇഞ്ചിക്കറിയസ്സലാ ..
പിന്നെ എന്തജീര്ണം?

ഏയ്!
ഈ വിളമ്പുകാരെന്തെടുക്കുവാ?

ഹ!
ഞാനെന്തൊരു മണ്ടന്‍!
ബുഫേയാണെന്നതു
ചത്തത്‌ പോലെ മറന്നുപോയി..




Jul 22, 2008

ദാമ്പത്യം..(ദേവന്‍ പറഞ്ഞ കഥ)

ആദ്യമേ അങ്ങ് പറഞ്ഞേക്കാം.. ഇതു എന്റെ കഥയല്ല.. ഇനി ആരുടെ കഥയാണെന്ന് ചോദിച്ചാല്‍ എനിക്കൊട്ട് അറിയുകയുമില്ല.. കഥ എം.വി.ദേവന്‍ പറഞ്ഞതാണ്. ഞാന്‍ കേട്ടോ എന്ന് ചോദിച്ചാല്‍, കേട്ടിട്ടില്ല..
അതായത്, ദേവന്‍ പറഞ്ഞതായി എന്റെ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞുതന്ന ഒരു കഥ..

കഥ ഇതാണ് :
വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും ഒരിടത്ത് ജീവിച്ചുവന്ന ദമ്പതിമാരില്‍ ഭാര്യയെ പാമ്പ് കടിച്ചു.. പാമ്പ്‌ എന്ന് വെച്ചാല്‍ കൊടിയ വിഷമുള്ള പാമ്പ്.. വൈദ്യന്റെ അടുക്കല്‍ കൊണ്ടുപോകാന്‍ പോലും സമയം കിട്ടിയില്ല, അവള്‍ മരിച്ചുപോയി.. ഭര്‍ത്താവ് ആര്‍ത്തലച്ചു കരഞ്ഞു.. കുഞ്ഞുങ്ങളെയും ബന്ധുക്കളെയും, പിന്നെ സുഹൃത്തുക്കളെയും കെട്ടിപ്പിടിച്ചു അവളുടെ അപദാനങ്ങള്‍ വാഴ്ത്തിക്കൊണ്ട് കരഞ്ഞുകൊണ്ടേയിരുന്നു...

ഒടുവില്‍ അവളുടെ മൃതദേഹം കര്‍മങ്ങള്‍ക്ക് ശേഷം ചുടുകാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കമായി. പ്രിയപ്പെട്ടവളുടെ ശവശരീരത്തിനെ ആ സ്നേഹനിധിയായ ഭര്‍ത്താവ് അനുഗമിച്ചു.. അങ്ങനെ പോകുന്ന വഴിയില്‍ വലിയൊരു ആല്‍മരം ഉണ്ടായിരുന്നു.. ഒരു മുതുക്കന്‍ ആല്‍മരം.. അതിന്റെ വേരുകള്‍ മണ്ണിനു പുറത്തേക്ക് തള്ളിനിന്നിരുന്നു.. മൃതദേഹം വഹിച്ചിരുന്ന ഒരാള്‍ ആ വേരുകളില്‍ തട്ടി താഴെ വീണു.. അവരുടെ കൈയില്‍നിന്ന് ആ മൃതദേഹം മണ്ണിലേക്ക് വീണു.. മണ്ണില്‍ കിടന്ന മൃതദേഹം വീണ്ടും എടുക്കാനുള്ള ശ്രമത്തിനിടയില്‍ ഒരാള്‍ അല്‍ഭുതത്തോടെ അത് കണ്ടു.. മൃതദേഹത്തിന്റെ കണ്ണ് അല്പം തുറന്നിട്ടുണ്ടോ? ചെറുതായി ശ്വസിക്കുന്നുണ്ടോ? സംശയം തീര്‍ക്കാന്‍ അയാള്‍ കൈ മൂക്കിനടുത്തു പിടിച്ചുനോക്കി.. ശരിയാണല്ലോ... ശ്വസിക്കുന്നുണ്ട്.. എല്ലാവര്ക്കും അല്‍ഭുതമായി.. ഉടനെ തന്നെ വൈദ്യന്റെ അടുക്കല്‍ കൊണ്ടുപോയി.. അല്‍ഭുതകരമായി അവള്‍ ജീവിതത്തിലേക്കും അങ്ങനെ ദാമ്പത്യതിലേക്കും തിരിച്ചുവന്നു...

അവള്‍ വീണ്ടും പത്തിരുപതുകൊല്ലം സന്തോഷത്തോടെ അയാള്‍ക്കൊപ്പം ജീവിച്ചു..

പിന്നെ അവള്‍ ശരിക്കും മരിച്ചു... തലച്ചോറില്‍ പനി വന്നു മൂര്ച്ചിചിട്ടാണ് മരിച്ചത്. ജീവിതം അയാളെ കുറേക്കൂടി പാകപ്പെടുതിയിരുന്നതിനാലും കുറച്ചുനാള്‍ സുഖമില്ലാതെ കിടന്ന ശേഷമായിരുന്നു, ആ മരണമെന്നതിനാലും അയാള്‍ പണ്ടത്തെപോലെ നിലവിളി കൂട്ടിയില്ല.. ചടങ്ങുകള്‍ക്ക് ശേഷം രണ്ടാമതൊരിക്കല്‍ കൂടി അവളെ ചുടുകാട്ടിലെക്കെടുത്തു.. അയാള്‍ മുമ്പെപ്പോലെ അനുഗമിച്ചു...

ആ ആലിന്ചുവട്ടില് അവര്‍ എത്തി..

പിന്നില്‍നിന്നും അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു..: 'ശ്രദ്ധിക്കണേ.. ആ വേര് തട്ടി വീഴല്ലേ..'

Jul 21, 2008

ഡ്റോസീറാ


ആകാശത്തേക്ക് തുറക്കുന്ന
നിറമോലുമരുമയിതളുകള്‍..
മാദകമായ,
കണ്ടാല്‍ തൊട്ടുവിളിക്കുന്ന
സ്പര്‍ശിനികള്‍
ജന്മാന്തരങ്ങള്‍ തന്‍
അന്ധകാരത്തിലും
അഭൌമമായ് നിറയും സുഗന്ധം
ഇന്ദ്രിയങ്ങളടചാലും
ചുറ്റും നിറയുന്ന സാന്നിധ്യം
പ്രപഞ്ചം മുഴുവന്‍
നിറയുന്ന സാധ്യത..

ഒന്നു തൊട്ടുപോകും..
പിന്നെ..
ധമനികള്‍ പൊട്ടി
ചോരയൊലിച്ചു
മരണം കാത്തുകിടക്കാം ..

തിരസ്കൃതന് പ്രണയം
ഒരു ഡ്റോസീറാ പുഷ്പമാണ്..

(ഡ്റോസീറാ : ജീവികളെ തന്നിലെക്കകര്ഷിച്ചു പിടിച്ചു ചോരയൂറ്റി കൊന്നു തിന്നുന്ന ഒരു പുഷ്പം..)


Jul 12, 2008

പാനശാല


വരിക, യീ പാനശാലയിലേയ്ക്കു
ഇന്നു നിനക്കു ഞാനേകിടാമാതിഥ്യം
നുകരും വീഞ്ഞിനുപകാരം
ദുഖം നല്കി കണക്കുതീര്‍ക്കും
പാനശാലയിതതിവിചിത്രമല്ലേ
ഏറെ നാലായിതിന്നുടമ ഞാന്‍
അതിസമ്പന്നന്‍, ആരാലും
സ്നേഹിക്കപ്പെടുന്നവന്‍
മുനിഞ്ഞുകത്തുമരണ്ട വെട്ടത്തി-
ലിരുന്നോരല്‍പം കരഞ്ഞേച്ചു പോകാം
തെളിഞ്ഞു കത്തിടുമോര്‍മതന്നരുമ -
ച്ചെരാത് മെല്ലെക്കെടുത്തിയേ പോകാം..
വരിക, കാലമെന്നെയെല്പിച്ചോരീ
പാനശാലയില്‍ കാത്തിരിക്കുന്നു ഞാന്‍..
നിസ്സഹായതതന്‍ മെഴുതിരിവെട്ടമായ്
നിശ്വാസമുറയും പ്രണയസ്വപ്നങ്ങളായ്
വെറുതെ, വെറുതെയെന്നോര്‍ത്തു കരഞ്ഞിടും
കാലചക്രത്തിന്‍ ദൈന്യ ഞരക്കമായ്
ഒന്നുമില്ലായ്മ തന്നുണ്‍മയായ്
ഒരു വിശുദ്ധ പുഷ്പമായ്
വരിക, ഞാന്‍ കാതോര്‍ത്തിരിക്കുന്നു..

Jul 9, 2008

അമരത്വം


കാല്‍ക്കലും, തലയ്ക്കലുമല്ല,
എന്റെ കവിളോട് ചേര്‍ത്താണ്
മീസാന്‍കല്ല് നാട്ടേണ്ടത്..
അതില്‍ നിന്റെ നാമം
കൊത്തിവെക്കാന്‍ മറക്കരുത്..
ഹൃദയം പിഴിഞ്ഞ്
ഒരു തുള്ളി ചോര വീഴ്ത്തുക..
നിന്റെ നിശ്വാസം ഉറഞ്ഞതാണ്
ആ കല്ലെങ്കില്‍,
എനിക്ക് അമരത്വം..