Oct 26, 2013

മരണത്തെ ജീവിതം വേർതിരിക്കുമിടം

രതിമൂര്ച്ച താല്ക്കാലിക മരണമാണ് എന്ന് പറയാറുണ്ടെങ്കിലും അതിന്റെ അടിസ്ഥാനമായ കാമം മരണത്തെ ഓര്മ്മിപ്പിക്കുന്നു പോലുമില്ലെന്ന് നമുക്കറിയാം.  ഒരുപക്ഷെ, മരണത്തിന്റെ വിദൂരമായ ഓർമ പോലും കാമത്തെ കെടുത്തുന്നതാണ്.  അഥവാ, കാമം ജീവിതത്തിൽ വിരിയുന്ന പൂവാണ്.  ഒരുപക്ഷെ, പലപ്പോഴും ഭീതി ജനിപ്പിക്കുമാറ് ആകർഷകമായ  വിഷപുഷ്പം.  എന്നാലോ, വശ്യമായ രൂപവും ഗന്ധവും.  ജീവിതത്തിൽ കാമം അത്രയ്ക്ക് വേർപെടുത്താനാവാത്ത, ആസക്തമായ അനുഭവം തന്നെയാണ്.  കാമവും രതിയും മരണവും ആണ് സനൽകുമാർ ശശിധരന്റെ 'ഫ്രോഗ്' എന്ന സിനിമയും ചര്ച്ച ചെയ്യുന്നത്. 

ജീവിതത്തിന്റെ ഏതോ ഇടുങ്ങിയ 'കുപ്പിക്കഴുത്ത്' പാലം കടന്നുവന്ന ആളാണ്‌ മരണം തേടി ആ കുന്നിൻ പുറത്തേയ്ക്ക് വരുന്നത്.  എന്നാൽ, ആ കുപ്പിക്കഴുത്ത് കടന്നയുടൻ അയാളുടെ വാഹനം നിന്നുപോവുകയാണ്.  മരണം തേടിയുള്ള അയാളുടെ യാത്ര പൂർത്തിയാക്കാൻ അയാൾക്ക്‌ ലഭിയ്ക്കുന്ന സഹായം ഒരു മരണ വ്യാപാരിയുടെത് തന്നെയാവുന്നു.  ഒരു കോഴിക്കച്ചവടക്കാരനാണ് അയാൾ.  നിർത്താതെ സംസാരിക്കുകയും ഉച്ചത്തിൽ ചിരിച്ചുകൊണ്ടേ ഇരിക്കുകയും ചെയ്യുന്ന അയാൾ തന്റെ രീതികൾ കൊണ്ട് മരണത്തെ ദൂരേയ്ക്ക് ആട്ടിക്കളയുകയാണോ എന്നുപോലും തോന്നാം.  പതിയെ, പതിയെ അയാൾ വാക്കുകളിലൂടെയും ചെയ്തികളിലൂടെയും മരിക്കാൻ പോകുന്നയാളുടെ മേൽ ആധിപത്യം ഉറപ്പിക്കുകയാണ്.  പുരുഷന്റെ ആധിപത്യം ധ്വനിപ്പിക്കുന്ന ആജ്ഞാ ശക്തിയാണ് അയാളിൽ കാണാൻ കഴിയുന്നത്‌.  ഇടയ്ക്കുവെച്ച് അയാളുടെ കൂടെയുള്ള യാത്ര അവസാനിപ്പിക്കാൻ രണ്ടു സ്ഥലത്തെങ്കിലും തുനിഞ്ഞ  യുവാവിനെ അയാൾ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോവുകയാണ്.  ഒരുപക്ഷെ, മരണത്തിലേയ്ക്ക് വിളിക്കുന്ന അയാളുടെ കൂടെ പോകാൻ ആ യുവാവ് തുനിയുന്നത് മരണം അത്രമേൽ അയാളെ മോഹിപ്പിക്കുന്നതുകൊണ്ടും കൂടെയാവണം.  ഒടുക്കം അപകടസൂചനയുള്ള വഴിത്തിരിവിൽ ആ യാത്ര അവസാനിക്കുന്നു.  അവിടെ വെച്ചു അയാൾ ആ യുവാവിനെ കത്തി കാണിച്ചു  ബലാൽസംഗം ചെയ്യുകയാണ്.  മുൻപൊരിക്കൽ കേട്ട ന്യായം 'എവളൊക്കെ ചാവാനാ പോകുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ' എന്നത് ആ യുവാവിനു ന്യായമായി തോന്നിയതെ ഇല്ല.  'വാടാ ശവമേ' എന്ന വിളി കൂടെ കേട്ടപ്പോ, മരിക്കേണ്ടത് താനല്ലെന്ന്  ആ യുവാവ് നിശ്ചയിക്കുകയാണ്.  മരണം തേടി എത്തിയ ഇടത്തുനിന്നും ജീവിതത്തിലെയ്ക്കുള്ള വണ്ടിയിൽ കയറി അയാള് പോകുമ്പോൾ പടം അവസാനിക്കുന്നു.

ഈ ചെറു സിനിമ ചിത്രീകരിക്കാൻ തെരഞ്ഞെടുത്ത ഭൂപ്രകൃതി വിഷയത്തിനു യോജിച്ചത് തന്നെയാണ്.  വളവുകളും തിരിവുകളും അപ്രതീക്ഷിതമായ കൊക്കകളും കൊടുമുടികളും കാടും കോടയും എല്ലാം മികച്ച ഒരു അന്തരീക്ഷസൃഷ്ടി നടത്തിയിരിക്കുന്നു.  നന്നായി ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളും ഇതിനു സഹായകമായിട്ടുണ്ട്.  ചില ചലനങ്ങളും ചില കോണുകളിൽ നിന്നുള്ള കാഴ്ചകളും നന്നായി സംവേദനം നടത്തുന്നുണ്ട്.  ചിലയിടങ്ങളിൽ വല്ലാതെ നരെറ്റിവ് ആയെന്നത് കല്ലുകടിയായി അനുഭവപ്പെട്ടു.  അതുപോലെ, ഭീതി ജനിപ്പിക്കുവാൻ പലപ്പോഴും നിശബ്ദത ആണ് നല്ലതെന്ന സൂരജ് രാജന്റെ അഭിപ്രായം ശരിയാണെന്ന് തോന്നുകയും ചെയ്യുന്നു.  രണ്ടു നടന്മാരും ശരാശരിയിൽ കവിഞ്ഞ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ചില ചില സ്ഥലങ്ങളിൽ അമിതാഭിനയത്തിലെയ്ക്കും അതിഭാവുകത്വതിലെയ്ക്കും കൃത്രിമത്വതിലെയ്ക്കും വഴുതുന്നതായി തോന്നി.  എന്നിരിക്കിലും ഇങ്ങനെയൊരു ചെറു സിനിമയിൽ ഈ രീതിയിലുള്ള സമഗ്രത കൊണ്ടുവന്ന കൂട്ടായ്മ അഭിനന്ദനം അർഹിക്കുന്നുവെന്നതിൽ സംശയമില്ല.

3 comments: