Dec 9, 2011

മോക്ഷമാര്‍ഗം

കടല്‍പ്പാലത്തിലൂടെ കടലിന്നുള്ളിലേക്ക് കടന്നുകയറുക,
അപ്പോള്‍  മറ്റൊരു ലോകത്തിലെത്തും.
ദ്രവിച്ചു തുടങ്ങിയ കൈവരികളില്‍ പിടിച്ചു നില്‍ക്കാം,
ഉപ്പു കാറ്റ് നിങ്ങളെ നോവിച്ചുകൊണ്ടിരിക്കും, പതറരുത്..
ഒരു നില നമുക്ക് കണ്ടെടുക്കാനാകും..
പെട്ടെന്ന് തന്നെ ധ്യാനാവസ്ഥ നിങ്ങള്‍ കണ്ടെത്തും..
(നിങ്ങള്‍ ഒറ്റയ്ക്ക് തന്നെയല്ലേ? സ്വയം ഒന്നുകൂടി ചോദിക്കുക)
ഒന്നുമില്ലായ്മയെ ആണ് നിങ്ങള്‍ ധ്യാനിക്കുക..
ചുവന്നു താഴുന്ന സൂര്യനെ നിങ്ങള്‍ മറക്കും,
ഒരു തിര നിറഞ്ഞു കരയെത്താന്‍ കഴിയാതെ,
സ്വര്‍ണമണിഞ്ഞു നെടുവീര്‍പ്പിടുന്ന
കടലെന്ന കാമുകിയെ നിങ്ങള്‍ മറക്കും,
നനഞ്ഞ ഉപ്പുകാറ്റിനെ മറക്കും,
ദ്രവിച്ച കൈവരിത്താങ്ങിനെ മറക്കും,
കടല്‍പ്പാലം വിട്ടു നിങ്ങള്‍
ഒന്നുമില്ലായ്മയില്‍ നില്‍ക്കും..
നിങ്ങള്‍ ഒന്നും അറിയുകയേ ഇല്ല,
ഒന്നുമൊന്നും ഒന്നുമൊന്നും..
അപ്പോള്‍,
മൌനത്തിന്റെ സംഗീതവും,
നിറമില്ലാത്ത മഴവില്ലും,
നിങ്ങള്‍ അറിയാതെ അറിയും..
അപ്പോള്‍ മഴ പെയ്യും..
നിങ്ങളുടെ നെറ്റിയില്‍,
ഉമ്മ വീഴാത്ത കവിളില്‍,
നഖം വര വീഴ്ത്താത്ത കഴുത്തില്‍,
ഒരിക്കലും ചിരി വിരിയാതിരുന്ന കണ്ണില്‍,
എണ്ണിയെണ്ണി മഴ തുള്ളികള്‍ വീഴ്ത്തും..
ഒരു ചിതല്‍ പുറ്റ് പോലെ അലിഞ്ഞു തീരും..
അത്രയേ ഉള്ളൂ നിങ്ങള്‍,
നിലത്ത്, മഴയില്‍ അലിഞ്ഞ നിങ്ങളെ
മഴയിലലിഞ്ഞ മണ്ണായി പോലും കാണില്ല..
അപ്പോള്‍ മഴയും നിലയ്ക്കും..
പക്ഷെ,
1 . നിങ്ങള്‍ ശരിയ്ക്കും തനിച്ചാവണം
2 . അതില്‍ നിങ്ങള്‍ക്ക് സംശയമരുത്

1 comment:

  1. ഒരിക്കലും ചിരി വിരിയാതിരുന്ന കണ്ണില്‍,
    എണ്ണിയെണ്ണി മഴ തുള്ളികള്‍ വീഴ്ത്തും..

    ReplyDelete