Nov 28, 2011

അണയിലെ വിള്ളലില്‍ ചെവി ചേര്‍ക്കുമ്പോള്‍..

പറഞ്ഞു വരുമ്പോള്‍,
ഈ അണ കെട്ടിയ ഭൂമി
ഞാന്‍ എന്നില്‍നിന്നും
പാട്ടത്തിനു എടുത്തതാണ്.
മണലില്‍ ചോര കുഴച്ചു
എന്റെ കുന്നുകള്‍ക്കിടയില്‍
ഈ അണ കെട്ടിയതും ഞാന്‍ തന്നെ..
ഒരുപുറം വെള്ളം നിറഞ്ഞു നിറഞ്ഞും,
മറുപുറം മരുഭൂവായും കണ്ടു
ഞാന്‍ നിറഞ്ഞു നിറഞ്ഞിരുന്നു..
തെളിഞ്ഞ നീരൊഴുക്കില്‍ പിന്നെ,
ചെളി കലങ്ങി,
പിന്നെ പായല്‍ കെട്ടി,
മുതലകള്‍ രക്തഗന്ധം തേടി നടന്നു..
കിനിഞ്ഞു കിനിഞ്ഞിറങ്ങും നീര്‍ച്ചാലുകള്‍
മരുഭൂപ്പാതിയെ നനച്ചും, നനവില്‍
ജീവന്റെ പച്ചമുളകള്‍ കിളിര്ത്തും,
എങ്ങുമെത്താതൊടുങ്ങിയും
ഇപ്പോള്‍ പെറ്റിട്ട കുഞ്ഞിനെയെന്ന പോല്‍
ചോര മണക്കും കനിവിന്റെ നീര്‍ച്ചാലുകള്‍..
പൊള്ളുന്ന പാറയില്‍, പൊള്ളും മണലില്‍,
നീരാവിയായൊടുങ്ങും ചാലുകള്‍..

*          *           *            *
മതി!! ഇനിയിത് വയ്യ!!
ഈ അണ ഞാന്‍ പൊട്ടിക്കും,
എന്നില്‍ ഞാന്‍ കെട്ടിയ,
എന്റെ ഒഴുക്കില്‍ ഞാന്‍ കെട്ടിയ
അണ ഞാന്‍ പൊട്ടിക്കും..
എന്റെ അയല്‍ക്കാരന്‍ ഇതൊന്നും
അറിഞ്ഞതുപോലുമില്ല..
എന്റെ ദേശത്തോ,
ആള്‍പ്പാര്‍പ്പുമില്ല!
പക്ഷെ, നിങ്ങള്‍ പേടിക്കണം,
ഞാന്‍ കുത്തിയൊലിച്ചു വരും,
കയങ്ങള്‍ തീര്‍ക്കും, നീലക്കയങ്ങള്‍!
ഞാന്‍ അണ കെട്ടുമ്പോള്‍,
ഇതിലെ ഒഴുകിക്കോ എന്ന് നിങ്ങള്‍
പറഞ്ഞതേയില്ല..
നിങ്ങള്‍ പേടിക്കണം!!

2 comments:

  1. "ഒരുപുറം വെള്ളം നിറഞ്ഞു നിറഞ്ഞും,
    മറുപുറം മരുഭൂവായും കണ്ടു
    ഞാന്‍ നിറഞ്ഞു നിറഞ്ഞിരുന്നു..
    തെളിഞ്ഞ നീരൊഴുക്കില്‍ പിന്നെ,
    ചെളി കലങ്ങി,
    പിന്നെ പായല്‍ കെട്ടി,
    മുതലകള്‍ രക്തഗന്ധം തേടി നടന്നു.."
    രക്തഗന്ധം തേടുന്ന ഭരണവര്‍ഗ മുതലകളുടെ മാളങ്ങള്‍ കണ്ടെത്തി അവിടെ തോട്ട പൊട്ടിക്കണം.....
    കവിത കൊള്ളാം ..ഇനിയും എഴുതുക

    ReplyDelete