Aug 20, 2011

ഉന്മാദിയുടെ നിലാവിറക്കങ്ങള്‍

സമര്‍പ്പണം:
ചെമ്പനീര്‍പ്പൂവ് ചവിട്ടിയരയ്ക്കുമ്പോഴറിയാം;
അത്ര തുടുത്തതൊന്നുമല്ല, ഉള്ളിലുള്ളതെന്ന്..
ചവിട്ടിയരച്ചില്ലെങ്കില്‍ വഞ്ചിക്കപ്പെട്ടുപോയേനെ..
അലസമായി ഇത് പറഞ്ഞവള്‍ക്ക്..
 *            *                 *
പുലരുന്നത് പതുക്കെയൊന്നുമല്ല;
കറുപ്പിന്‍ ശീല മങ്ങി മങ്ങി,
പകലിന്‍ വെളുപ്പ്‌ പരക്കുകയല്ല;
ഉണരുന്നത് ഉച്ചയിലേക്ക്..
ആരോ (ആരെന്നെനിക്കറിയാം) പിടിച്ച
ഭൂതക്കണ്ണാടിയും കടന്ന്
സൂര്യന്റെ നോട്ടങ്ങള്‍
മേനിയെ പൊള്ളിച്ച്, മണ്ണിനെ പൊള്ളിച്ച്
മനസ്സിനെ പൊള്ളിച്ച്,
വീണ്ടു, മുറക്കം തീര്‍ക്കുന്ന
ശാന്തി തന്‍ കടവെത്തുവോളം..
*           *            *
ശ്ശോ! എന്തോ മറന്നു..
ഓര്‍ത്തെടുക്കാനാവുന്നില്ല,
എന്താ മറന്നതെന്നോര്‍മയില്ല
അത് പിന്നങ്ങനെയാണ് ,
ഓര്‍മ തന്‍ കടവിലെയുച്ച വിട്ടാല്‍,
മറവിതന്‍ കടവിലെ നിലാവിന്റെയുന്മാദം, സുഖം..
*           *           *
പരിചയക്കാര്‍ തീരെയില്ല..
സത്യം പറയട്ടെ, നിങ്ങളെയെനിക്കറിയാം
പക്ഷെ,
നിങ്ങളെ ഞാന്‍ എങ്ങിനെയറിയണമെന്നു
നിങ്ങളാഗ്രഹിക്കുന്നുവോ,
അങ്ങിനെ നിങ്ങളെ എനിക്കറിയില്ല..
അതുകൊണ്ട് നമ്മള്‍ അപരിചിതര്‍..
*          *           *
ഈ വഴി അവസാനിച്ചിട്ടില്ല..
അറ്റത്തു നിന്നും പിന്നെയും വഴികള്‍
മുളയ്ക്കുന്നത് കണ്ടോ..?
ഹോ!! തല പെരുക്കുന്നു..
ഒരു വഴി മാത്രം വളര്‍ന്നു പടര്‍ന്നാല്‍
മതിയായിരുന്നു..
ഇതിപ്പോള്‍, വഴി നിറഞ്ഞ്
നടക്കാന്‍ വഴിയില്ലാതായി..
*          *               *
നീയത് ചെയ്യും-
എന്നെ ജീവനോളം പ്രണയിച്ച നീ
ഒടുവിലിപ്പോള്‍
എന്റെ കിണറ്റില്‍ വിഷം കലക്കും
അതുകൊണ്ട് എന്റെ ദാഹം തീര്‍ക്കാന്‍
ഈ ചേമ്പിലയിലെ ഒരു കുടന്ന വെള്ളം..
*              *              *
അണയാതിരിക്കണം,
ഇനിയും നിലാവ് ഉണ്ണുവാന്‍..
ഇനിയും ഉദയം കാണുവാനല്ല,
പകലിന്‍ വെട്ടത്തിനൊരു പ്രിസം വേണം,
മഴവില്ല് വിരിയിക്കുവാന്‍,
നിലാവിനോ, ഒരുന്മാദിയുടെ ഹൃദയം മതി..

2 comments:

  1. പകലിന്‍ വെട്ടത്തിനൊരു പ്രിസം വേണം,
    മഴവില്ല് വിരിയിക്കുവാന്‍

    ReplyDelete
  2. വ്യത്യസ്തമായ അവതരണം.....അഭിനന്ദനങ്ങള്‍

    ReplyDelete