Jun 27, 2011

മുള്ളും പൂവും : ഒരു തടവറക്കവിത

ഇവിടെ സുഖമാണ്..
ഈ മതിലുകള്‍ക്കുള്ളില്‍,
ഈ മുള്ള് ചില്ലകളില്‍ പൂക്കുന്ന 
പനിനീര്‍പ്പൂക്കള്‍ക്ക്
മൃതസഞ്ജീവനിയുടെ ഗന്ധമാണ്..
മതിലുകള്‍ക്കുള്ളിലെ 
തുരുമ്പിച്ച അഴികള്‍ക്കുള്ളില്‍
അതിനേക്കാള്‍ സുഖമാണ്..
അഴികള്‍ക്കുള്ളിലോ, വെറും നിലത്ത്,
കറുത്ത കമ്പിളിക്കുള്ളില്‍ 
ഇരുട്ടിനെ കണ്ട്, ശ്വാസത്തെ ശ്വസിച്ച്,
സുഖമായി കഴിയാം..
നിങ്ങളുടെ ചോദ്യക്കണ്ണിലെ
തിളക്കം എനിക്കറിയാം,
ശരിയാണത്‌,
ഈ തടവ്‌ ഞാന്‍ വിധിച്ചത്,
കുറ്റം ചെയ്യാത്തവന്റെ
തടവ്‌ ദിനങ്ങള്‍ സുഖകരം..
*        *          *             *

നീ ഒരു തടവറയാണ്..
നിന്റെ ഇളം ചിരി
ചാട്ടവാറടിയാണ് ..
നിന്റെ വാക്കുകള്‍
ഇരുമ്പഴികള്‍..
നിന്റെ സ്വപ്നങ്ങളുടെ
മുള്‍ച്ചില്ലകളില്‍
എനിക്ക് പൂക്കണം..
ഈ കല്‍ചുമരുകളില്‍
ചെവി ചേര്‍ത്താല്‍
നിന്റെ മൊഴി..
ഈ വായുവിലാകെ
നിന്റെ മണം..
ആര്‍ക്കു വേണം,
നിങ്ങളുടെ സ്വാതന്ത്ര്യം?
ഈ ജീവപര്യന്തം
എന്റെ ജന്മാവകാശം..
ഈ തടവ്‌
എന്റെ ഉന്മാദം.. 
*            *              *                *
ഈ തടവറ
ഞാന്‍ തെരഞ്ഞെടുത്തതാണ്..
ഇത് എന്റെ
സ്വാതന്ത്ര്യമാണ്..
ഇതിനു പുറത്താണ്
എന്റെ തടവറ..
ഈ ചില്ലയിലെ
കൂര്‍ത്ത മുള്ളുകള്‍
എന്റെ ഹൃദയത്തെ
കൊളുത്തി വലിക്കാനുള്ളതാണ്
ഇന്ന് രാവിലെയും
ഞാനതിനു നനച്ചതേയുള്ളൂ..
നിങ്ങള്‍ ശ്രദ്ധിച്ചോ?
നനച്ചത്‌ ഞാനാണ്..

---------------------------------------------------------------------------------------------
(ഹൂ വാണ്ട്സ് ഫ്രീഡം എന്ന് ചോദിച്ചത് ബഷീര്‍..  ദുരന്തങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതാണെന്നു ജിബ്രാന്‍..)

5 comments:

  1. ആത്മഭാഷണങ്ങള്‍

    ReplyDelete
  2. ഈ തടവറ
    ഞാന്‍ തെരഞ്ഞെടുത്തതാണ്..
    ഇത് എന്റെ
    സ്വാതന്ത്ര്യമാണ്..
    ഇതിനു പുറത്താണ്
    എന്റെ തടവറ..
    ഈ ചില്ലയിലെ
    കൂര്‍ത്ത മുള്ളുകള്‍
    എന്റെ ഹൃദയത്തെ
    കൊളുത്തി വലിക്കാനുള്ളതാണ്
    ഇന്ന് രാവിലെയും
    ഞാനതിനു നനച്ചതേയുള്ളൂ..
    നിങ്ങള്‍ ശ്രദ്ധിച്ചോ?
    നനച്ചത്‌ ഞാനാണ്..

    ആശംസകള്‍ ........... വീണ്ടും കാണാം

    ReplyDelete
  3. കൊള്ളാം.. ഇഷ്ടമായി

    ReplyDelete
  4. സ്വപ്നം കാണാന്‍ കഴിയുന്നവര്‍ക്ക് ഏതു തടവറയും ഏദന്‍തോട്ടമാണ്. ആ മനസ്സ്‌ നഷ്ടപ്പെടാതിരുന്നാല്‍...

    ReplyDelete
  5. നാം ഓരോർത്തർ അവരവർക്ക് വേണ്ടിയുള്ള തടവറ തീർക്കുന്നു... അതിൽ ഒടുങ്ങുന്നു... ചിലർ തടവറപൊളിച്ച് സ്വാതന്ത്ര്യത്തിലേക്ക് പറക്കുന്നു... അതും ഒരു തടവറയാണ്. അവസാനശ്വാസത്തോടെ തടവറകൽ തീരുന്നു. പിന്നീടുള്ളത് വെറും ഭൂമിയുടെ അറ മാത്രം .“അതൊരു നിലവറ”

    ReplyDelete