May 2, 2011

മുറിവുകള്‍













മുറിവുകള്‍,
ചോരയൊലിച്ചും തോല് വകഞ്ഞു-
മിറച്ചി തെറിച്ചും മുറിവുകള്‍,
ആകാശത്തിന്‍ ചെരിവില്‍,
അസ്തമനത്തിന്‍ മുറിവുകള്‍, 
പൊട്ടിയൊലിച്ച് പുളച്ചു മദിച്ചു വരും
നാടന്‍ തോട്ടിലെ 
നില്ക്കാ മഴ തന്‍ മുറിവുകള്‍,
പെയ്യാ മഴയുടെ വരവും കാത്തി-
ട്ടകമേ വിങ്ങും കിളിയുടെ പാട്ടില്‍ 
സൂചി നിറച്ചു തറഞ്ഞൊരു
മണ്ണിന്‍ മുറിവുകള്‍,
കൂടെയൊരാളെ പരതി, പ്പരതി,
കണ്ണ് കഴച്ച്
കണ്ണീര്‍ച്ചാലില്‍ തോല് കുഴിഞ്ഞ്
കണ്ണീര്‍ നീറും
വാഴ്വിന്‍ മുറിവുകള്‍,
കൈയില്‍, പുണരും കൈയില്‍,
ചുണ്ടില്‍, കണ്ണില്‍,
കവിളില്‍, കള്ളിച്ചെടിയുടെ
മുള്ള് നിറച്ചു പുണര്‍ന്നൊരു
വള്ളി ച്ചെടിതന്‍ 
പരിഹാസത്തിന്‍ മുറിവുകള്‍,

ഒന്നറിയാമോ, 
കണ്ണില്‍ നിന്നുതിരും
സങ്കടനീരില്‍, 
ജന്മം പണിയാന്‍
കാണാ ഗ്രന്ഥികളൊഴുക്കും
വിയര്‍പ്പിന്‍ നീരില്‍,
ഉപ്പിന്‍ തരികള്‍,
ചോരയൊലിക്കും മുറിവില്‍
തേയ്ക്കാന്‍, 
ഉപ്പിന്നെരിവില്‍, ചൂടില്‍,
ഒറ്റയ്ക്ക് തുഴഞ്ഞേ പോകാം,
പേരറിയാത്ത  മരുന്നല്ല,
എല്ലാ മുറിവുമുണക്കും
കറുത്ത മരുന്നിനു 
നിന്നെക്കിട്ടും..

3 comments:

  1. ഓഎന്‍വിയുടെ ആദ്യകാല രചനകളെ അനുസ്മരിപ്പിക്കും വിധം മനോഹരം.മുറിവുകളുടെ നീറ്റലല്ല,വാക്കുകളുടെ നീട്ടലാണ് കവിതയെ വേറിട്ടതാക്കിയത്.അഭിനന്ദങ്ങള്‍ .

    ReplyDelete
  2. കൈയില്‍, പുണരും കൈയില്‍,
    ചുണ്ടില്‍, കണ്ണില്‍,
    കവിളില്‍, കള്ളിച്ചെടിയുടെ
    മുള്ള് നിറച്ചു പുണര്‍ന്നൊരു
    വള്ളി ച്ചെടിതന്‍
    പരിഹാസത്തിന്‍ മുറിവുകള്‍

    ReplyDelete
  3. "പെയ്യാ മഴയുടെ വരവും കാത്തി-
    ട്ടകമേ വിങ്ങും കിളിയുടെ പാട്ടില്‍"
    നന്നായി കോർത്തിണക്കിയ വരികൾ

    ReplyDelete