Feb 14, 2012

ഒരേ യാത്ര


നമുക്കിനി ഒരേ  കാറ്റിലൊഴുകും
മേഘങ്ങളാകാം,
ഒരേ വെയിലില്‍ തപിയ്ക്കാം,
നമുക്ക് മുകളില്‍ പെയ്യുന്ന
അറിയാത്ത, ഒരേ കനിവിന്റെ
കാണാനീര്‍ത്തുള്ളികള്‍ നുണയാം,
ഒരേ നിലാവില്‍, കളഭം ചാലിക്കു-
മൊരേ മഞ്ഞില്‍, ഒരേ സ്വപ്നത്തിന്‍
പടവുകളിറങ്ങി,
ഒരേ നിദ്ര പങ്കിടാം..
നിന്‍ ചുണ്ടി, ലെന്‍ ചുണ്ടിലൊരേ
പൊന്നുമ്മ തന്‍ വിസ്മയം പകരാം,
ഉടല്‍ചുഴികളില്‍, ഉടല്‍ക്കാടുകളില്‍,
നീലയാം വിഷം തീണ്ടും,
ഉടലിന്‍ കാളിന്ദിയില്‍,
ഒരേ നിശ്വാസം അറിഞ്ഞടരാം..
എങ്കിലും,
എങ്കിലുമെന്‍ സ്വപ്നങ്ങളില്‍
മഞ്ഞ കറുത്ത് പോയ
ഭ്രാന്താശുപത്രി തന്‍ ചുമരില്‍
വിളര്‍ച്ച വീണ കൈവിരലാല്‍
തലോടിയും,
പിന്നെയീ ജനല്ക്കാഴ്ച തരും
മരുഭൂമി തന്‍ വരണ്ട,
നീരില്ലാക്കാഴ്ചയ്ക്ക് പുറം തിരിഞ്ഞും,
ഇല്ലാച്ചങ്ങല കൊണ്ട്
കെട്ടിയിട്ടും,
കണ്ണില്‍ കെടും വെളിച്ചത്തെ
കൈവീശി യാത്രയാക്കിയും,
നിമിഷങ്ങളടരുന്ന നേരത്ത്,
കണ്ണില്‍, കനവില്‍,
ഒരേ ഉന്മാദവും പേറി
നീ വരണം,
മരുഭൂമിയില്‍ പൂക്കുന്ന
ഒരു അര്‍ദ്ധ ചുംബനത്തിന്റെ
ശില്പഭംഗിയില്‍,
ഒരേ ചിരിമഴവില്ല് കൊണ്ട്
എന്നെ നീയും നിന്നെ ഞാനും
യാത്രയാക്കും.

15 comments:

  1. അതേ ഒരു പുഞ്ചിരി. അത്‌ മതി.

    ReplyDelete
  2. അതേ ഒരു പുഞ്ചിരി. അത്‌ മതി.

    ReplyDelete
  3. പിന്നെയീ ജനല്ക്കാഴ്ച തരും
    മരുഭൂമി തന്‍ വരണ്ട,
    നീരില്ലാക്കാഴ്ചയ്ക്ക് പുറം തിരിഞ്ഞും,

    ReplyDelete
  4. വായിക്കാന്‍ സുഘമുള്ള കവിത

    ReplyDelete
  5. ശരിക്കും ഇഷ്ടായി.......:)

    ReplyDelete
  6. നല്ലൊരു കവിത, ആശംസകള്

    ReplyDelete
  7. രസമുള്ള കവിത, ഇഷ്ടമായി, ആശംസകള്‍, ആദ്യത്തെ വരി ശരിയാക്കുക (അച്ചരപ്പിശാച് )

    ReplyDelete
  8. ഒരേ ചിരിമഴവില്ല് കൊണ്ട്
    എന്നെ നീയും നിന്നെ ഞാനും
    യാത്രയാക്കും.
    .....
    നന്നായിരിക്കുന്നു ..കൊള്ളാം !
    ആശംസകളോടെ
    അസ്രുസ്

    ReplyDelete