Jul 7, 2011

വാതിലുകള്‍

ചിലര്‍ക്കൊരു വിചാരമുണ്ട്,
വാതിലുകള്‍ തുറക്കാന്‍ മാത്രമുള്ളതാണെന്ന്..
പടിഞ്ഞാറ് വശത്തെ
വാതില്‍ തുറന്നാല്‍ ഒരു പാല കാണാം,
പാലമരം എനിക്കിഷ്ടമാണ്,
പക്ഷെ, നിലാവും മഞ്ഞുമുള്ള രാത്രിയില്‍ മാത്രം..
വാലിളക്കി പാടും കാക്കാതമ്പുരാട്ടിയുടെ
പാട്ടുള്ള പകലുകളില്‍ മാത്രം..
വടക്കുവശത്തെ വാതില്‍ തുറന്നാല്‍ 
തോടും, തോട്ടുവക്കത്തെ കൈതയും,
കൈതപ്പൂവിന്‍ മണവും..
ഈ വാതില്‍ ഞാന്‍ തുറക്കുന്നത്
മഴ പെയ്തു പെയ്തു സ്വയം നിറഞ്ഞ്,
മണ്ണിന്റെ സങ്കടം (ആനന്ദവും)
ചാലിച്ച്, തോട് ചുവന്നൊഴുകുമ്പോള്‍ മാത്രം..
(ഇങ്ങനെയാണ് ഞാന്‍ ; ഒന്ന് പറയുമ്പോള്‍
മറ്റു ചിലതും തോന്നും, പറയും..
സങ്കടവും ആനന്ദവും
വേര്‍തിരിയുന്നതെവിടെയാണ്?
ഞാന്‍ നോക്കിയിട്ട്
വേര്‍തിരിക്കുന്ന ഒരു വര പോലും
കണ്ടതില്ല)
കിഴക്ക്  ദിക്കിലേക്ക് തുറക്കുന്ന വാതില്‍
വെയിലിനെ വീട്ടില്‍ കയറ്റാന്‍ മാത്രം ..
അകത്തു കയറിയ വെയിലിനെ
പുറത്തു വിടാതിരിക്കാന്‍
പിന്നെയതും അടച്ചിടും..
തെക്ക് ദിക്കിലെ വാതില്‍
തുറക്കാറേയില്ല..
സ്വപ്നങ്ങളുടെ കല്ലറകള്‍
എന്നെ നോക്കി ജീവിതം, ജീവിതമെന്ന്
ഉരുവിടുന്നത് കാണാതെ തന്നെ
എനിക്കറിയാം..
ഞാന്‍ വാതിലുകള്‍
അടച്ചുകൊണ്ടേയിരിക്കുന്നു,
പിന്നെയൊരു കാര്യമുണ്ട്,
തുറക്കപ്പെടാത്ത വാതിലുകളില്‍
ആരുമാരും മുട്ടാതെ വരുമ്പോള്‍
ആര്‍ക്കും വേണ്ടി  ഈ വാതിലുകള്‍
തുറക്കേണ്ടി വരില്ല,
നിങ്ങളുടെ സ്വാതന്ത്ര്യം
എന്റെ വാതിലുകള്‍ക്ക് പുറത്ത്
എന്റെ സ്വാതന്ത്ര്യം അടഞ്ഞ
വാതിലുകള്‍ക്കകത്ത്‌..
(പിന്നെയും ഞാന്‍ : ഈ സ്വാതന്ത്ര്യവും
ബന്ധനവും വേര്‍തിരിയുന്നതെവിടെയാണ്?)
എനിക്കറിയാം, ഈ വാതിലുകള്‍ക്ക് പുറത്ത്
(ചിലപ്പോള്‍ കാണപ്പെടില്ലെങ്കിലും )
ഇതിലും വലിയ വാതിലുകളുണ്ട്,
അവ തുറക്കാറുണ്ടോ?
ആര്‍ക്കറിയണം!!
നിങ്ങള്‍ എന്റെ ചെറിയ വാതിലില്‍
നോക്കിയിരുന്നോളൂ..

വാതിലുകള്‍ അടയ്ക്കാനും കൂടെ
ഉള്ളവയാണ്..

4 comments:

  1. നല്ല വരികള്‍ ...
    വാതില്‍ തുറന്നാല്‍ ശുദ്ധ വായു കയറും ചിലപ്പോ പൊടിക്കാറ്റും കയറും
    സുഷിക്കുക
    സ്നേഹത്തോടെ പ്രദീപ്‌

    ReplyDelete
  2. ആരുമാരും മുട്ടാതെ വരുമ്പോള്‍
    ആര്‍ക്കും വേണ്ടി ഈ വാതിലുകള്‍
    തുറക്കേണ്ടി വരില്ല,

    ശരിയാ...

    ReplyDelete