May 2, 2011

മുറിവുകള്‍













മുറിവുകള്‍,
ചോരയൊലിച്ചും തോല് വകഞ്ഞു-
മിറച്ചി തെറിച്ചും മുറിവുകള്‍,
ആകാശത്തിന്‍ ചെരിവില്‍,
അസ്തമനത്തിന്‍ മുറിവുകള്‍, 
പൊട്ടിയൊലിച്ച് പുളച്ചു മദിച്ചു വരും
നാടന്‍ തോട്ടിലെ 
നില്ക്കാ മഴ തന്‍ മുറിവുകള്‍,
പെയ്യാ മഴയുടെ വരവും കാത്തി-
ട്ടകമേ വിങ്ങും കിളിയുടെ പാട്ടില്‍ 
സൂചി നിറച്ചു തറഞ്ഞൊരു
മണ്ണിന്‍ മുറിവുകള്‍,
കൂടെയൊരാളെ പരതി, പ്പരതി,
കണ്ണ് കഴച്ച്
കണ്ണീര്‍ച്ചാലില്‍ തോല് കുഴിഞ്ഞ്
കണ്ണീര്‍ നീറും
വാഴ്വിന്‍ മുറിവുകള്‍,
കൈയില്‍, പുണരും കൈയില്‍,
ചുണ്ടില്‍, കണ്ണില്‍,
കവിളില്‍, കള്ളിച്ചെടിയുടെ
മുള്ള് നിറച്ചു പുണര്‍ന്നൊരു
വള്ളി ച്ചെടിതന്‍ 
പരിഹാസത്തിന്‍ മുറിവുകള്‍,

ഒന്നറിയാമോ, 
കണ്ണില്‍ നിന്നുതിരും
സങ്കടനീരില്‍, 
ജന്മം പണിയാന്‍
കാണാ ഗ്രന്ഥികളൊഴുക്കും
വിയര്‍പ്പിന്‍ നീരില്‍,
ഉപ്പിന്‍ തരികള്‍,
ചോരയൊലിക്കും മുറിവില്‍
തേയ്ക്കാന്‍, 
ഉപ്പിന്നെരിവില്‍, ചൂടില്‍,
ഒറ്റയ്ക്ക് തുഴഞ്ഞേ പോകാം,
പേരറിയാത്ത  മരുന്നല്ല,
എല്ലാ മുറിവുമുണക്കും
കറുത്ത മരുന്നിനു 
നിന്നെക്കിട്ടും..

Mar 30, 2011

കിണര്‍ കുഴിക്കുന്നവരോട്..

കിണര്‍ കുഴിക്കുന്നവരേ,
ചില ഉപദേശങ്ങള്‍ തരാം..
കിണര്‍ കുഴിക്കാന്‍ സ്ഥലം കണ്ട്
കുറ്റിയടിച്ച്
കപ്പിയുറപ്പിച്ചു
തടിച്ച കയറില്‍ പാട്ട കെട്ടിയിറക്കി
കുഴിയിലെ പാറയും കല്ലും ചെളിയും
കോരിക്കോരി മുകളിലെത്തിച്ചാല്‍,
കുഴിച്ചു കുഴിച്ചു പോയാല്‍ 
വെള്ളം കാണുമെന്നു
നിങ്ങള്‍ പറയും..
കുറ്റം പറയുന്നില്ല,
അതാണ്‌ നിങ്ങള്‍ പഠിച്ചത്..
എന്നാല്‍ അങ്ങിനെയല്ല,

കുഴിക്കുന്നവന്റെ ദാഹം കണ്ട്,
അവന്റെ കണ്ണിലെ വരള്‍ച്ച കണ്ട്,
വാഴ്വിലെ നീര് വറ്റുന്നത് കണ്ട്,
കരളിലെ പച്ചപ്പ്‌ വാടുന്നത് കണ്ട്,
ഹൃദയ താളത്തിന്‍ 
ഇടവേള കൂടുന്നതുകണ്ട്,
(അറിയുമോ, കനിവാണീ ഭൂമി)
നെഞ്ഞിനുള്ളില്‍ തിളയ്ക്കുന്ന
ലാവയ്ക്ക് മുകളിലൂടെ
സ്നേഹത്തിന്‍ തണുപ്പാര്‍ന്ന
ഒരു നീര്‍ച്ചാല് പറഞ്ഞയക്കും
കനിവാര്‍ന്ന ഭൂമി..
അവള്‍ക്കുള്ളിലോ,
എടുത്താലും കൊടുത്താലും 
തീരാത്ത നീര്‍ച്ചാലുകള്‍..

എന്നുവെച്ച്‌,
ദാഹമാര്‍ന്ന കണ്ണുകളുമായ്
വെയിലില്‍ വാടും പച്ചപ്പ്‌ പേറും
കരളുമായ്‌,
മോഹിച്ച്‌ മോഹിച്ച്‌ 
ഒരു മനസ്സില്‍ കുഴിച്ചുനോക്കൂ,
വെള്ളം തിരഞ്ഞു നോക്കൂ,
അവള്‍ പറഞ്ഞയക്കും,
കരളുരുക്കും ലാവതന്‍ 
പ്രവാഹത്തെ,
നിങ്ങളെ മാത്രമല്ല,
നിങ്ങളിലേക്കുള്ള വഴികളെപ്പോലും 
ഉരുക്കിക്കളയും..

മണ്ണില്‍ കുഴിച്ചാലും
മനസ്സില്‍ കുഴിക്കരുത്‌..

Mar 21, 2011

സങ്കടത്തിന്റെ നിറം

സങ്കടം വരും
ജന്മത്തിന്‍ പളുങ്കുപാത്രം നിറയെ,
അറിയുമോ നിനക്ക്,
കട്ടച്ചോരയുടെ നിറമാണ്, പിന്നെ, 
വീഞ്ഞിന്റെ മണവും ലഹരിയും..
കണ്ണുനീരിന്‍ നിറമില്ലായ്മയല്ല,
ഉച്ചവെയിലിന്‍ മൂര്‍ച്ചയില്‍ 
തിളച്ചു തിളച്ചു തിളച്ച്
കുറുകിക്കുറുകി വറ്റും
വെറുമൊരു പാടയായി,
പിന്നെ, എനിക്കറിയില്ല,
എപ്പോഴാണ് ആ നേര്‍ത്ത പാട
എന്റെ ഹൃദയച്ചുവപ്പാകുന്നത്?
വാഴ്വിന്‍ മീതെയല്ല,
ഉള്‍ത്തൊലിയായ്‌ മാറും..
ഞരമ്പുകള്‍ ഉള്ളില്‍ പടരും, പിണയും..
ചുവപ്പ്, ലഹരി, മണം
അത് എന്നിലുണ്ട്..
നോക്കൂ, അതെന്നിലുണ്ട്..
നോക്കാതെ പോകുന്നവളെ,
നിന്റെ തലയില്‍ 
ഇടിത്തീ വീഴട്ടെ..
നിന്റെ സങ്കടത്തിനു
വെറും കണ്ണുനീരിന്റെ
നിറമില്ലായ്മയാകട്ടെ..

Feb 19, 2011

ഞാന്‍

നേരം വൈകി..
ഈരണ്ടു പടികള്‍ ഒന്നായി കയറി 
പോവുകയാണ് ഞാന്‍..
വെളിച്ചം കുറഞ്ഞ ഇടനാഴി..
മീശ കുരുത്തു വരുന്ന വെളുത്ത പയ്യന്‍
ചെവിയില്‍ ഫോണ്‍ വെച്ച് സംസാരിക്കുന്നു..
തെളിഞ്ഞ കണ്ണുകളില്‍ ചിരി 
ഇളം ചുണ്ടുകളില്‍ ചിരി
മുഖം നിറയെ ചിരി 
മനം നിറയെ ചിരി
ചിരി മനം തുളുമ്പി 
തുളുമ്പി വീണൊഴുകുന്നു..
ഇടനാഴിയില്‍ വെളിച്ചം നിറയുന്നു..
ഒട്ടും നേരമില്ലെങ്കിലും, 
എന്താണിതെന്നോര്‍ത്തു ഞാന്‍..
തെളിഞ്ഞ, ചിരിക്കുന്ന, കണ്ണുകളിലൂടെ 
ഞാനൊന്ന് പോയി നോക്കി..
നീലാകാശം, കരിനീല ചുഴികള്‍,
ചെമ്മണ്‍ പാതകള്‍,
മഴത്തുള്ളി കനമേറ്റും
വഴിയോരപ്പച്ചകള്‍..
സ്വര്‍ണപ്പാടങ്ങള്‍, ഇടയിലെ 
പച്ചപ്പിന്‍ വരമ്പുകള്‍..
കടലലകള്‍ തന്‍ സീല്‍ക്കാരം,
പുതുമഴ തന്‍ മാദക ഗന്ധം,
പിന്നെയെന്തൊക്കെ..
ഹോ!!  ഞാന്‍ തല വലിച്ചു..
പിന്നെയൊന്നേ നോക്കിയുള്ളൂ..
ഇല്ലാത്ത നേരത്ത് ഞാന്‍ 
ഇല്ലാത്ത  നേരം കളഞ്ഞു..
അത് 
ഞാനായിരുന്നെടോ..

Dec 21, 2010

ചുഴിയില്‍ പെടുന്നവന്റെ ഗീതം

മഞ്ഞാണ്,
വാനില്‍ തിളങ്ങും പൊന്നാണ്‌,
വായുവില്‍, മഞ്ഞിന്റെ മൂടലില്‍,
ചാലിക്കുന്നത്‌ ചന്ദനമാണ്..
ജീവിതത്തിന്നിപ്പുറം 
ഓര്‍മ തന്‍ കിളിവാതിലും
തുറക്കാതെ,
വരും നിമിഷത്തിന്‍ 
വിഹ്വലമാം നോട്ടത്തിനു
കാത്തിരിക്കാതെ,
ഞാനൊന്നിരുന്നോട്ടെ...

വിരലുകള്‍ക്കിടയിലൂടെ
ഊര്‍ന്നുപോയ ജീവിതത്തരികള്‍
ആരേതു കാന്തത്താല്‍
വലിച്ചുകൊണ്ടുപോയ്!
പൊള്ളയാം കിനാക്കള്‍ തന്‍ 
തുള വീണ വഞ്ചിയില്‍ 
പങ്കായമില്ലാതെയലയുമ്പോഴും
ആരേതു കൈകളാല്‍ 
കാത്തതീ ജന്മത്തിന്‍ 
അണയാത്തിരികളെ!!
ഓര്‍മയില്ലൊന്നും, 
കനവിന്റെ കടവിലും, 
പിന്നെയീ  നോവിന്റെ വാനിലും 
എരിയുന്ന നെഞ്ചിലും 
കടയുന്ന ചങ്കിലും
പൊട്ടിപ്പരക്കുന്ന  ചോര തന്‍ 
സിന്ദൂര മേഘങ്ങള്‍  വാഴുന്ന 
വാഴ്വിന്റെ ചക്രവാളത്തിലും
തളര്‍ന്നു പറക്കുന്നൊരൊറ്റക്കിളിയുടെ 
ചിറകടിയൊച്ച തന്‍ രോദനം 
നേര്‍ത്തു നേര്‍ത്തു പോകുമ്പോഴും
ആരിങ്ങനെ മൊഴിയുന്നു,
ഒരു ജന്മം വെറും നിമിഷങ്ങള്‍ തന്‍ 
ആരോഹണമല്ല,  പിന്നെയോ,
നീ വാഴ്വിന്റെ കനവാണ്
നിന്റെ ചങ്ക് പൊളിയും രക്തം
നിന്റെ നെഞ്ചിലെ നീറ്റല്‍,
ഏകാന്തത തന്‍ തുരുത്തും കടന്നു
നീ കാണും മായത്തുരുത്തുകള്‍
ഈ ചുഴിയും കടന്നു നീ പോകും
ഈ ചുഴിയും കടന്നു നീ പോകും..
ഈ കടലിന്റെ നീലയില്‍ 
നീ ഘനീഭവിച്ചു കിടക്കും,
ഈ ചക്രവാളത്തില്‍ നീ 
മഴവില്ല് വിരിക്കും..

മഞ്ഞാണ്, നിലാവാണ്‌,
ഞാനൊന്നിരുന്നോട്ടെ..

Dec 17, 2010

ഈ തുരുത്തിനപ്പുറം..











ഏകാന്തത ഒരു തുരുത്താണെന്നു
പറഞ്ഞ കവിയാണ്‌ പ്രതി..

ഒരു തുരുത്തില്‍
കാലൂന്നി നില്‍ക്കാന്‍ മണ്ണും
(ചിലപ്പോള്‍ മരങ്ങളും)
നാലുപാടും അലയിളക്കും
കണ്ണെത്താ വെള്ളവും
അലകളുടെ നേര്ത്തതാം
ചിലങ്ക തന്നൊലിയും
സീല്‍ക്കാരവും...

ഈ തുരുത്തില്‍ നീ
എകനാവില്ല..
നീ കള്ളം പറയുന്നു..

കാലൂന്നി നില്‍ക്കാന്‍ ഒരു തരി
മണ്ണില്ലാതെ,
അല തന്‍ താരാട്ടും
നീല ജലത്തിന്‍
തണുപ്പാര്‍ന്ന
സ്നേഹവുമില്ലാതെ,
സമയത്തിന്‍ നാലാമളവും
ചേര്‍ക്കാതെ,
ഇരുട്ടില്‍  - ഒന്നുമില്ലായ്മയുടെ
ഇരുട്ടിന്നിടനാഴിയില്‍
കാണാത്ത ചുഴിയില്‍,
കൈയെറിഞ്ഞു, കാലിളക്കി
നീന്താതെ നീന്തി,
(ഈ ഇരുട്ടില്‍
ഒരു നക്ഷത്രക്കണ്ണ്‍
തിരയാനും നിനക്കാവില്ല)
ഉണ്മയും ഇല്ലായ്മയും
ഏതെന്നുമേതെന്നും
ചോദ്യക്കൊളുത്തെറിയാതെ,
ഉണ്ടെന്നറിയുവാന്‍
ഒന്ന് നുള്ളിനോക്കാനും
മറന്നു നില്‍ക്കുമ്പോള്‍,

 ഏകാന്തത ഒരു തുരുത്താണെന്നു
പറഞ്ഞ കവിയാണ്‌ പ്രതി..

Dec 14, 2010

പ്രസവവേദന (ജന്മത്തിന്റെ വിഹ്വലതകള്‍ എന്നും)











സത്യം,
ഞാനെത്ര ശ്രമിച്ചെന്നോ,
എനിക്ക് കഴിഞ്ഞില്ല,
എന്നെ പ്രസവിക്കുവാന്‍..

കല്യാണം കഴിച്ച പെണ്ണ് 
ഒരു പൊതിയുമായി  വന്ന്
ഇതാ പിറന്നാള്‍ സമ്മാനമെന്നോതവേ
അരുതാത്തതെന്തോ കേട്ട പോല്‍  ഞെട്ടി ഞാന്‍,
ഇനിയിതും ഞാന്‍ പറഞ്ഞറിയണോ?

പിന്നൊരു നാള്‍ മകന്‍ 
ഒരു കുറിപ്പുമായി വന്നു,
ഒരു പിറന്നാള്‍ കേക്ക് വേണം,
ഒന്‍പതു മെഴുകു തിരികള്‍,
പായസത്തിന്‍ കുറിപ്പടി,
പുത്തന്‍ കുപ്പായം..
ഞെട്ടിയറിഞ്ഞു ഞാന്‍,
അവനും ജനിച്ചിരിക്കുന്നു...

എനിക്കൊരു പിറന്നാള്‍ സമ്മാനം വേണം,
നെഞ്ചില്‍ ചേര്‍ന്ന് കൊണ്ടവള്‍ ചൊല്ലി,
അതിനെടീ, നീയെന്നു ജനിച്ചു, 
ഞാനറിഞ്ഞില്ലല്ലോ,
ഓ! ജനിക്കാത്തവന്റെ സമ്മാനം 
എനിക്ക് വേണ്ടെന്നവളുടെ പരിഭവം!!

ഇനിയും ഞാന്‍ ജനിച്ചില്ലെങ്കില്‍
കുഴപ്പം തന്നെയെന്നറിഞ്ഞു ഞാന്‍..

ചിത്ത രോഗാശുപത്രിയിലെ 
കരുണാമയനായ ഡോക്ടറേ,
 സത്യമാണ്,
വിശ്വസിക്കണം,
മറ്റാരും വിശ്വസിക്കുന്നില്ല,
നിങ്ങളെങ്കിലും...
ഞാന്‍ ജനിച്ചു..
പേര് ബുദ്ധന്‍, നാള്..
ഇനി ഗസറ്റിലെന്‍
പേര് തിരുത്താന്‍ കൊടുക്കണം...