Showing posts with label അഹങ്കാരം... Show all posts
Showing posts with label അഹങ്കാരം... Show all posts

Dec 21, 2010

ചുഴിയില്‍ പെടുന്നവന്റെ ഗീതം

മഞ്ഞാണ്,
വാനില്‍ തിളങ്ങും പൊന്നാണ്‌,
വായുവില്‍, മഞ്ഞിന്റെ മൂടലില്‍,
ചാലിക്കുന്നത്‌ ചന്ദനമാണ്..
ജീവിതത്തിന്നിപ്പുറം 
ഓര്‍മ തന്‍ കിളിവാതിലും
തുറക്കാതെ,
വരും നിമിഷത്തിന്‍ 
വിഹ്വലമാം നോട്ടത്തിനു
കാത്തിരിക്കാതെ,
ഞാനൊന്നിരുന്നോട്ടെ...

വിരലുകള്‍ക്കിടയിലൂടെ
ഊര്‍ന്നുപോയ ജീവിതത്തരികള്‍
ആരേതു കാന്തത്താല്‍
വലിച്ചുകൊണ്ടുപോയ്!
പൊള്ളയാം കിനാക്കള്‍ തന്‍ 
തുള വീണ വഞ്ചിയില്‍ 
പങ്കായമില്ലാതെയലയുമ്പോഴും
ആരേതു കൈകളാല്‍ 
കാത്തതീ ജന്മത്തിന്‍ 
അണയാത്തിരികളെ!!
ഓര്‍മയില്ലൊന്നും, 
കനവിന്റെ കടവിലും, 
പിന്നെയീ  നോവിന്റെ വാനിലും 
എരിയുന്ന നെഞ്ചിലും 
കടയുന്ന ചങ്കിലും
പൊട്ടിപ്പരക്കുന്ന  ചോര തന്‍ 
സിന്ദൂര മേഘങ്ങള്‍  വാഴുന്ന 
വാഴ്വിന്റെ ചക്രവാളത്തിലും
തളര്‍ന്നു പറക്കുന്നൊരൊറ്റക്കിളിയുടെ 
ചിറകടിയൊച്ച തന്‍ രോദനം 
നേര്‍ത്തു നേര്‍ത്തു പോകുമ്പോഴും
ആരിങ്ങനെ മൊഴിയുന്നു,
ഒരു ജന്മം വെറും നിമിഷങ്ങള്‍ തന്‍ 
ആരോഹണമല്ല,  പിന്നെയോ,
നീ വാഴ്വിന്റെ കനവാണ്
നിന്റെ ചങ്ക് പൊളിയും രക്തം
നിന്റെ നെഞ്ചിലെ നീറ്റല്‍,
ഏകാന്തത തന്‍ തുരുത്തും കടന്നു
നീ കാണും മായത്തുരുത്തുകള്‍
ഈ ചുഴിയും കടന്നു നീ പോകും
ഈ ചുഴിയും കടന്നു നീ പോകും..
ഈ കടലിന്റെ നീലയില്‍ 
നീ ഘനീഭവിച്ചു കിടക്കും,
ഈ ചക്രവാളത്തില്‍ നീ 
മഴവില്ല് വിരിക്കും..

മഞ്ഞാണ്, നിലാവാണ്‌,
ഞാനൊന്നിരുന്നോട്ടെ..

Sep 18, 2008

നോട്ടം


ഞാന്‍ നടന്നു പോകുകയും
അവള്‍ നടന്നു വരികയുമായിരുന്നു
അകലെ വെച്ചു തന്നെ അവള്‍ എന്നെ കണ്ടുവെന്ന്
എനിക്കറിയാം
ആ കണ്‍നോട്ടം എന്നിലാണെന്ന് തിരിച്ചറിയാവുന്ന
ദൂരത്തെത്തിയപ്പോള്‍
അവളുടെ കൃഷ്ണമണികള്‍ മേലോട്ട് മറിഞ്ഞു
എനിക്കറിയാം, അവള്‍ മോഹാലസ്യപ്പെട്ടതല്ലെന്ന്
അവള്‍ മറ്റേതൊരു പെണ്ണിനേയും പോലെ
ആകാശത്തേക്ക് നോക്കിയതായിരുന്നു..
(നേരെ നോക്കുന്ന ഒരു പെണ്ണിനെ കണ്ടിട്ട് എത്ര നാളായി!)

അങ്ങനെ നോക്കുന്നത്
എന്നെ നോക്കാതിരിക്കാനാനെന്നും
അങ്ങനെ നോക്കുമ്പോള്‍
എന്നെ മാത്രമെ കാണുന്നുള്ളൂ എന്നും
ആകാശം അവള്‍ കാണുന്നില്ലെന്നും
എനിക്കറിയാം..
പൊടുന്നനെ, എനിക്കൊരാശ..
അവള്‍ കാണാത്ത ആകാശം
എനിക്ക് കാണണം..
ഞാന്‍ ആ വലിയ കണ്ണുകളിലേക്കു നോക്കി..

Aug 2, 2008

ബുഫേ

അതേയ്.. ഇവിടെ..
കുറച്ചുകൂടി ജീവിതം വിളമ്പിയെക്കൂ ..
എന്തൊരു വിശപ്പ്‌!
സ്വപ്നങ്ങളുടെ ആ കൂട്ടുകറി,
കണ്ണീര് കൊണ്ടൊരു ഓലനും..
അസ്സലായിട്ടുണ്ട്..
കയ്പതോരന്‍ ഒട്ടും മുഷിയില്ല..
(ആരാണാവോ വെപ്പ്?)
ഒക്കെ കുറച്ചുകൂടി ആയിക്കോട്ടെ ..

ഏയ്! ഇവിടെ!

നിങ്ങള്ക്ക് തെറ്റിയെന്നെ..
എത്രയേറിയാലും ദഹിച്ചോളും..
അതിനേ, ഇഞ്ചിക്കറിയസ്സലാ ..
പിന്നെ എന്തജീര്ണം?

ഏയ്!
ഈ വിളമ്പുകാരെന്തെടുക്കുവാ?

ഹ!
ഞാനെന്തൊരു മണ്ടന്‍!
ബുഫേയാണെന്നതു
ചത്തത്‌ പോലെ മറന്നുപോയി..




Jul 21, 2008

ഡ്റോസീറാ


ആകാശത്തേക്ക് തുറക്കുന്ന
നിറമോലുമരുമയിതളുകള്‍..
മാദകമായ,
കണ്ടാല്‍ തൊട്ടുവിളിക്കുന്ന
സ്പര്‍ശിനികള്‍
ജന്മാന്തരങ്ങള്‍ തന്‍
അന്ധകാരത്തിലും
അഭൌമമായ് നിറയും സുഗന്ധം
ഇന്ദ്രിയങ്ങളടചാലും
ചുറ്റും നിറയുന്ന സാന്നിധ്യം
പ്രപഞ്ചം മുഴുവന്‍
നിറയുന്ന സാധ്യത..

ഒന്നു തൊട്ടുപോകും..
പിന്നെ..
ധമനികള്‍ പൊട്ടി
ചോരയൊലിച്ചു
മരണം കാത്തുകിടക്കാം ..

തിരസ്കൃതന് പ്രണയം
ഒരു ഡ്റോസീറാ പുഷ്പമാണ്..

(ഡ്റോസീറാ : ജീവികളെ തന്നിലെക്കകര്ഷിച്ചു പിടിച്ചു ചോരയൂറ്റി കൊന്നു തിന്നുന്ന ഒരു പുഷ്പം..)


Jul 12, 2008

പാനശാല


വരിക, യീ പാനശാലയിലേയ്ക്കു
ഇന്നു നിനക്കു ഞാനേകിടാമാതിഥ്യം
നുകരും വീഞ്ഞിനുപകാരം
ദുഖം നല്കി കണക്കുതീര്‍ക്കും
പാനശാലയിതതിവിചിത്രമല്ലേ
ഏറെ നാലായിതിന്നുടമ ഞാന്‍
അതിസമ്പന്നന്‍, ആരാലും
സ്നേഹിക്കപ്പെടുന്നവന്‍
മുനിഞ്ഞുകത്തുമരണ്ട വെട്ടത്തി-
ലിരുന്നോരല്‍പം കരഞ്ഞേച്ചു പോകാം
തെളിഞ്ഞു കത്തിടുമോര്‍മതന്നരുമ -
ച്ചെരാത് മെല്ലെക്കെടുത്തിയേ പോകാം..
വരിക, കാലമെന്നെയെല്പിച്ചോരീ
പാനശാലയില്‍ കാത്തിരിക്കുന്നു ഞാന്‍..
നിസ്സഹായതതന്‍ മെഴുതിരിവെട്ടമായ്
നിശ്വാസമുറയും പ്രണയസ്വപ്നങ്ങളായ്
വെറുതെ, വെറുതെയെന്നോര്‍ത്തു കരഞ്ഞിടും
കാലചക്രത്തിന്‍ ദൈന്യ ഞരക്കമായ്
ഒന്നുമില്ലായ്മ തന്നുണ്‍മയായ്
ഒരു വിശുദ്ധ പുഷ്പമായ്
വരിക, ഞാന്‍ കാതോര്‍ത്തിരിക്കുന്നു..

Jul 9, 2008

അമരത്വം


കാല്‍ക്കലും, തലയ്ക്കലുമല്ല,
എന്റെ കവിളോട് ചേര്‍ത്താണ്
മീസാന്‍കല്ല് നാട്ടേണ്ടത്..
അതില്‍ നിന്റെ നാമം
കൊത്തിവെക്കാന്‍ മറക്കരുത്..
ഹൃദയം പിഴിഞ്ഞ്
ഒരു തുള്ളി ചോര വീഴ്ത്തുക..
നിന്റെ നിശ്വാസം ഉറഞ്ഞതാണ്
ആ കല്ലെങ്കില്‍,
എനിക്ക് അമരത്വം..

Jun 26, 2008

സുനാമി..


എല്ലാം സാധാരണ പോലെ...
ജീവിതത്തിന്റെ തീരങ്ങളില്‍
എല്ലാം സാധാരണ പോലെ..
രാവിലെയുദിച്ച സൂര്യന്റെ താപം
നട്ടുച്ചയ്ക്ക് ഉയര്‍ന്നും
വൈകിട്ട് താണ്‌മിരിക്കും ..
വെയിലും
കടല്‍ക്കാറ്റിന്‍ തണുപ്പും
ഒളിച്ചുകളിക്കും..
പരിചയമുള്ളവരും,
ഇല്ലാത്തവരും
കടല കൊറിച്ച് ഇരിക്കും..
ഓരോ തിരയും വല്ലതും
തരുമെന്നു നിനച്ചു
കടല്‍ക്കാക്കകള്‍
കാത്തു കാത്തിരിക്കും..
എല്ലാം സാധാരണ പോലെ..
നിനച്ചിരിക്കാതെ,
ഒരു തിര വരും...
പലതില്‍ ഒരു തിരയല്ല..
നാം കെട്ടിയ എല്ലാ
എടുപ്പ് കളെക്കാള്‍ ഉയര്ന്നു..
വികാര വേഗത്തെക്കാള്‍
വേഗത്തില്‍..
കാണാന്‍ കണ്ണുകള്‍ പോരാതെ..
നമ്മള്‍, അശുക്കള്‍..
ഓടിക്കളയാമെന്നു കരുതും..
പിന്നാലെ വന്നു വീഴ്ത്ത്തിടും..
തീരതുള്ളവയെല്ലാം
തിരയെടുക്കും..
തിര വലിയുമ്പോള്‍...
തീരം ശൂന്യം..
ചോര വാര്‍ന്നു,
കണ്ണില്‍ ജീവനില്ലാതെ,
ഒന്നുമോര്‍ക്കാതെ
ഒരാള്‍ അവിടിരിക്കും..
അടുത്ത തിരയെ കാത്ത്..
ഓര്‍മ്മകള്‍ ചിലപ്പോള്‍
അങ്ങനെയാണ്..



Jun 25, 2008

ആത്മഹത്യ


ജീവിതവും
മരണവും തമ്മിലെന്താണ്?

ഒരു ഭാഷണത്തിന്റെ
ഉപസംഹാരം
അറിഞ്ഞുതീര്‍ക്കുക..

വെറുക്കപ്പെടും മുമ്പേ,
ചുവന്നയിതളുകളില്‍
ചലം വീഴും മുമ്പേ,
തീ പറ്റിയെരിയും
സ്വപ്നങ്ങള്‍ക്ക്
ഭ്രാന്ത് പിടിക്കും മുമ്പേ,
അറിഞ്ഞു തീര്‍ക്കുക..

ജീവിതവും,
മരണവും
ആത്മഹത്യയാണ്..

Jun 24, 2008

ജ്യാമിതി


ജ്യാമിതി

നിന്നോട് പറയുവാന്‍
ഒന്നുമില്ല...
നിന്നോട് പറയുവാന്‍
ഏറെയുള്ളതിനാല്‍..
അര്‍ദ്ധവിരാമങ്ങള്‍
പ്രതീക്ഷയാണ്..
ഒന്നുകിലൊരു രശ്മി പോല്‍
അനന്തതയോളം..
അല്ലെന്കിലൊരു
ബിന്ദുവായോടുങ്ങിടാം..
നീളവും വീതിയും കാലവും
നില്‍ക്കുവാനിടവും വേണ്ടാത്ത
ബിന്ദുവായോടുങ്ങിടാം..
വിസ്മയമീ
ജീവിതത്തിന്‍ ജ്യാമിതി..